
പട്ന: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കുടുംബം പിന്തുടരുന്ന മൂല്യങ്ങളും ധാർമികതയും മറന്നുള്ള പ്രവർത്തനങ്ങൾക്കാണ് മകനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഉത്തരവാദിത്തമില്ലാതെ പെരുമാറി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു യുവതിയുമായുള്ള തേജ് പ്രതാപിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും 37 വയസുകാരനായ തേജ് പ്രതാപ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ വിശദമാക്കിയിരുന്നു. വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.
മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതുജന മധ്യേയുള്ള പെരുമാറ്റം എന്നിവ കുടുംബം വച്ചുപുലർത്തുന്ന മൂല്യങ്ങൾക്കും സംസ്കാരത്തിനും അനുയോജ്യമല്ല. അതിനാൽ, ഞാൻ തേജ് പ്രതാപിനെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, തേജ് പ്രതാപിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവ് വിശദമാക്കിയത്. തേജ് പ്രതാപിനെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. തേജ് പ്രതാപുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നുമാണ് ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചത്. ആർജെഡിയിൽ ലാലുവിനു ശേഷം ആര് എന്ന പിന്തുടർച്ച തർക്കവും രൂക്ഷമായ സമയത്താണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തേജ് പ്രതാപിനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കിയിരിക്കുകയാണ് ലാലുപ്രസാദ് യാദവ് എന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം യുവതിക്കൊപ്പമുള്ള തേജ് പ്രതാപിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ 2018ൽ ഏറെ ആഡംബരത്തോടെ നടന്ന തേജ് പ്രതാപിന്റെ വിവാഹവും വലിയ ചർച്ചയായിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി ഐശ്വര്യയുടെ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റോയ് ആർജെഡി വിടുകയും ചെയ്തു. തേജ് പ്രതാപ്, ഐശ്വര്യ ദമ്പതികളുടെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam