കൊവിഡ്: പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ശാസ്ത്ര മാസിക ലാൻസെറ്റ്

By Web TeamFirst Published May 9, 2021, 11:28 AM IST
Highlights

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള റിസർച്ച് ജേണലുകളിൽ ഒന്നാണ് ബ്രിട്ടണിൽ നിന്നും പുറത്തിറങ്ങുന്ന ലാൻസെറ്റ്

ദില്ലി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷവിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് . ഒന്നാം തരംഗത്തെ നേരിട്ട ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്നും ലാൻസെറ്റ് മാസികയുടെ പുതിയ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള റിസർച്ച് ജേണലുകളിൽ ഒന്നാണ് ബ്രിട്ടണിൽ നിന്നും പുറത്തിറങ്ങുന്ന ലാൻസെറ്റ്

ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനായിരിക്കും. കൊവിഡിന് രണ്ടാം തരംഗമുണ്ടാക്കുമെന്നും അതിതീവ്രമായ വ്യാപനമുണ്ടായേക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രവർത്തിച്ചത്. 

കൊവിഡ് വ്യാപകമായി വന്നപ്പോൾ ജനങ്ങളിൽ ആർജിത പ്രതിരോധ ശേഷിയുണ്ടായെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇതു അടിസ്ഥാനരഹിതമായിരുന്നു. എന്നാൽ ഈ വിശ്വാസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവത്തിന് കാരണമായി. വാക്സിനേഷൻ നയത്തിൽ പ്രാദേശിക സർക്കാരുകളെ അവഗണിച്ചു കൊണ്ട് കേന്ദ്രം ഒറ്റയ്ക്ക് തീരുമാനമെടുത്തു. രണ്ടാം തരംഗത്തിന് തൊട്ടു മുൻപ് രാഷ്ട്രീയ, മതറാലികൾ നടത്താൻ അനുമതി നൽകി ഇന്ത്യൻ സർക്കാർ തന്നെ കൊവിഡ് വ്യാപനത്തിന് വേണ്ട സാഹചര്യമൊരുക്കി കൊടുക്കുകയും ചെയ്തതായും ലാൻസെറ്റ് വിമര്‍ശിച്ചു.

click me!