
പനാജി: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഗോവയിൽ കോൺഗ്രസിനെ (Congress) സമ്മർദ്ദത്തിലാക്കി പാർട്ടിയിൽ നിന്ന് കൂട്ടരാജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി (Priyanka Gandhi) ഗോവയില്‍ (Goa) സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പാർട്ടി നേതാക്കളുടെ രാജി. ഒപ്പം പാർട്ടി സംഖ്യത്തെ ചൊല്ലി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പൊർവോറിം നിയോജക മണ്ഡലത്തിലെ ഒരു കൂട്ടം കോൺഗ്രസ് നേതാക്കളാണ് ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് വേണ്ടത്ര ഗൌരവം നൽകുന്നില്ലെന്ന് ആരോപിച്ച നേതാക്കൾ സ്വതന്ത്ര എംഎൽഎ ഖൌണ്ടയെ പിന്തുണയ്ക്കും.
വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിന് അത്ര താത്പര്യമില്ലെന്ന് തോനുന്നു. ചില നേതാക്കളുടെ മനോഭാവത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത് - മുൻ സില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു. പൊർവോറിമിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് ഗുപേഷ് നായിക്കാണ്.
അതേസയം തെക്കൻ ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മൊറീനോ റിബെലോയുടെ രാജി പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിക്സോ റെജിനല്‍ഡോ ലോറന്‍കോയുടെ സ്വാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ താൻ അസ്വസ്ഥനാണെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ്, ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിൽ പാർട്ടിയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് നേതാക്കളുടെ കൂട്ടരാജി. എന്നാൽ ജിഎഫ്പിയുമായുള്ളതിനെ സഖ്യമായി കാണാനാകില്ലെന്നും കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവയിലെ കോൺഗ്രസിന്റെ ചുമതലയുള്ള പി ചിദംബരം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam