Latest Videos

പോളിംഗ് ഇടിവ് രാജ്യത്ത് മൂന്ന് ഘട്ട വോട്ടെടുപ്പിലും ട്രെന്‍ഡ്; പക്ഷേ ഞെട്ടിച്ച് ഛത്തീസ്‌ഗഡ്

By Web TeamFirst Published May 9, 2024, 2:10 PM IST
Highlights

ഛത്തീസ്‌ഗഡിലെ 11 ലോക്സഭ മണ്ഡലങ്ങളിലെ ആകെ പോളിംഗ് 72.8 ശതമാനമാണ്

റായ്‌പൂര്‍: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും 2019നേക്കാള്‍ കുറവ് പോളിംഗാണ് രേഖപ്പെടുത്തിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോളിംഗ് ശതമാനം കുറയുകയുണ്ടായി. എന്നാല്‍ ഛത്തീസ്‌ഗഡില്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 1.31 ശതമാനത്തിന്‍റെ പോളിംഗ് വര്‍ധനവുണ്ടായി. ഛത്തീസ്‌ഗഡിലെ 11 ലോക്‌സഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 72.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ഇത് 71.49 ആയിരുന്നു. 

'ഛത്തീസ്‌ഗഡിലെ 11 ലോക്സഭ മണ്ഡലങ്ങളിലെ ആകെ പോളിംഗ് 72.8 ശതമാനമാണ്. 2019ല്‍ ഇത് 71.49 ശതമാനമായിരുന്നു' എന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീന ബാബാസാഹിബ് കാംങലെ വ്യക്തമാക്കി. നക്‌സല്‍ ബാധിത മേഖലയായ ബസ്‌തറില്‍ ഏപ്രില്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 68.29 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കനത്ത സുരക്ഷയിലായിരുന്നു ബസ്‌തറിലെ വോട്ടെടുപ്പ്. പട്ടികവർഗ്ഗ സംവരണ മണ്ഡലമാണ് ബസ്‌തര്‍. കോര്‍ബ, സര്‍ജുജ, റായ്‌ഗഡ്, ബിലാസ്‌പൂര്‍, ജഞ്ച്‌ഗിര്‍, റായ്‌പൂര്‍, മഹാസമുന്ദ്, ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്, കാങ്കര്‍ എന്നിവയാണ് ഛത്തീസ്‌ഗഡിലെ മറ്റ് ലോക്സഭ മണ്ഡലങ്ങള്‍. ബസ്‌തറിന് പുറമെ സര്‍ജുജയും റായ്‌ഗഡും കാങ്കറും എസ് ടി സംവരണ മണ്ഡലങ്ങളും ജഞ്ച്‌ഗീര്‍ എസ്‌ സി സംവരണ മണ്ഡലവുമാണ്. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7 തിയതികളിലായിരുന്നു ഛത്തീസ്‌ഗഡിലെ വോട്ടെടുപ്പ്. 220 സ്ഥാനാര്‍ഥികളായിരുന്നു സംസ്ഥാനത്ത് മത്സരരംഗത്തുണ്ടായിരുന്നത്.

ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനവും ഏപ്രില്‍ 26ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 66.71 ശതമാനവും മെയ് 7ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 64.5 ശതമാനവും പോളിംഗാണ് രാജ്യത്താകെ രേഖപ്പെടുത്തിയത്. 69.58, 69.45, 68.40, 65.50, 64.16, 64.40, 61.71 എന്നിങ്ങനെയായിരുന്നു 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏഴ് ഘട്ടങ്ങളിലെ പോളിംഗ് ശതമാനം. ഇത്തവണ മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലാണ് അവശേഷിക്കുന്ന നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക. 

Read more: മൂന്നാംഘട്ടവും വെയിലേറ്റ് വാടിയതോ; പോളിംഗ് കുറയുന്നതിന് ശരിക്കും കാരണമെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!