
ദില്ലി: സത്യമാണ് തന്റെ ആയുധമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 'മോദി' പരാമർശത്തിലെ മാനനഷ്ടക്കേസിൽ സ്ഥിരജാമ്യം ലഭിച്ച ശേഷമുള്ള പ്രതികരണത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
"മിത്രങ്ങളിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ സത്യമാണെന്റെ ആയുധം, സത്യമാണെന്റെ അഭയസ്ഥാനവും". രാഹുൽ ട്വീറ്റ് ചെയ്തു. കുത്തക മുതലാളിമാരുമായുള്ള കേന്ദ്രസർക്കാരിന്റെ അടുപ്പത്തെ സൂചിപ്പിക്കാനാണ് രാഹുൽ മിത്രങ്ങൾ എന്ന വിശേഷണം ഉപയോഗിക്കാറുള്ളത്. ബജറ്റ് അവതരണ സമയത്തും അത് സർക്കാരിന്റെ മിത്രങ്ങൾക്ക് ഗുണം ചെയ്യുന്നതാണെന്ന് രാഹുൽ ആരോപിച്ചിരുന്നു.
'മോദി' പരാമർശത്തിലെ മാനനഷ്ടക്കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാനായിരുന്നു മജിസ്ട്രേറ്റ് കോടതി 30 ദിവസം ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാഹുൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് സ്ഥിര ജാമ്യം ലഭിച്ചത്. ഏപ്രിൽ 13 ന് അപ്പീൽ പരിഗണിക്കുമെന്നും സൂറത്ത് സെഷൻസ് കോടതി വ്യക്തമാക്കി.
സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായാണ് രാഹുൽ അപ്പീൽ നൽകിയത്. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആവശ്യം. അപ്പീൽ പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഇന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രിൽ 13 ന് കോടതി ആവശ്യം അംഗീകരിച്ചാൽ അത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. എന്നാൽ സെഷൻസ് കോടതിയിൽ ഏപ്രിൽ 13 ന് തിരിച്ചടി നേരിട്ടാൽ മേൽക്കോടതികളിലേക്ക് കാത്തിരിപ്പ് തുടരേണ്ടിവരും.
Read Also: നേതാക്കൾ തിങ്ങിനിറഞ്ഞു, കോൺഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam