കടുപ്പിച്ച് സിബിഐ; ചിദംബരത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

By Web TeamFirst Published Aug 21, 2019, 11:05 AM IST
Highlights

അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസും നല്‍കിയെങ്കിലും അതിനോടും  അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

ദില്ലി: പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ.  മൂന്നുതവണ  ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും  അദ്ദേഹം പ്രതികരിച്ചിരുന്നില്ല. 

അതേസമയം ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ചിദംബരത്തിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല തുടര്‍ന്ന് തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ്.

ചിദംബരത്തിന്‍റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയും പിന്നീട് 12 മണിക്കും സബിഐ സംഘം എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജോര്‍ബാഗിലുള്ള വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍  ഇതിന് പിന്നാലെ ചിദംബരത്തെ ചോദ്യം ചെയ്യാനായി സിബിഐ സംഘം രാവിലെ വീണ്ടും ജോര്‍ബാഗിലുള്ള വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയാഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു.

ചിദംബരത്തെ കുടുക്കിയ INX മീഡിയ കേസ്; നാള്‍വഴികള്‍

ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി  ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. 

ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.  അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും ചിദംബരമാണെന്നാണ് കേസ്.


 

click me!