ഷാഹീൻബാഗിലെ സമരപ്പന്തലിൽ മൊട്ടിട്ട പ്രണയങ്ങൾ ഒടുവിൽ നിക്കാഹിലേക്ക്

Published : Feb 08, 2020, 03:42 PM ISTUpdated : Feb 08, 2020, 03:46 PM IST
ഷാഹീൻബാഗിലെ സമരപ്പന്തലിൽ മൊട്ടിട്ട പ്രണയങ്ങൾ ഒടുവിൽ നിക്കാഹിലേക്ക്

Synopsis

 ഇവിടെ 'സിഎഎ' എന്ന ഒരു പൊതുവിഷയത്തിന്മേൽ പ്രതിഷേധിക്കാൻ എത്തുന്ന ചെറുപ്പക്കാർക്കിടയിൽ സമരത്തിന്റെ ചൂടിനിടയിലും പ്രണയങ്ങൾ മൊട്ടിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷാഹീൻ ബാഗ് : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പ്രതീകമാണ് ഇന്ന് ദില്ലിയിലെ ജാമിയ നഗറിന് അടുത്തുള്ള ഷാഹീൻബാഗ് എന്ന സ്ഥലം. അവിടെ കഴിഞ്ഞ കുറെ ആഴ്ചകളായി സ്ത്രീകൾ സമാധാനപൂർണമായ പ്രതിഷേധധർണ്ണയിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ, അവിടം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത് അല്പം വ്യത്യസ്തമായ ചടങ്ങുകൾക്കാണ്. രണ്ടു വിവാഹങ്ങൾ, സമരത്തിന്റെ തീച്ചൂളയിൽ മൊട്ടിട്ട രണ്ടു പ്രണയങ്ങളുടെ സാക്ഷാത്കാരങ്ങൾ. 

കഴിഞ്ഞ ഡിസംബർ 15 തൊട്ട് ഷാഹീൻബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. കാളിന്ദികുൻജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന ആ നിരത്തിൽ സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ നിരന്തരമായി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  അവിടെ ഉച്ചത്തിൽ വിളിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത് ലോകം മുഴുവനുമാണ്. അവിടെ സ്ത്രീകൾ തെരുവുനാടകങ്ങളും, പ്രസംഗങ്ങളും, റാലികളും ഒക്കെ നടത്തി തങ്ങളുടെ പ്രശ്നങ്ങളെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടുകയാണ്. 

ഇവിടെ വരുന്ന ആൾക്കൂട്ടത്തിന്റെ വലിയൊരു ഭാഗവും യുവതീയുവാക്കളാണ്. ഇങ്ങനെ ഇവിടെ 'സിഎഎ' എന്ന ഒരു പൊതുവിഷയത്തിന്മേൽ പ്രതിഷേധിക്കാൻ എത്തുന്ന ചെറുപ്പക്കാർക്കിടയിൽ സമരത്തിന്റെ ചൂടിനിടയിലും പ്രണയങ്ങൾ മൊട്ടിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ ഒരു പ്രണയകഥയാണ് മെഡിക്കൽ വിദ്യാർത്ഥികളായ ജുനൈദും സമറും തമ്മിലുള്ളത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ട് എങ്കിലും, അവർ തമ്മിൽ അടുക്കാൻ ഒരു അവസരം കിട്ടുന്നത് ഈ പ്രതിഷേധത്തിന്റെ പേരിൽ ഒരു സ്ഥലത്തു വന്നുപെട്ടപ്പോഴാണ്. അങ്ങനെ ഷാഹീൻബാഗ് സമരപ്പന്തലിൽ ദിവസങ്ങളോളം കണ്ടുകണ്ട്, മണിക്കൂറുകളോളം തമ്മിൽ മിണ്ടിമണ്ടി അവർ തമ്മിൽ നല്ല പരിചയമായി. പരിചയം അടുപ്പത്തിനും, അടുപ്പം പ്രണയത്തിനും വഴിമാറി. ഒടുവിൽ അവർ ഒരുമിക്കാൻ തന്നെ തീരുമാനിച്ചു. കാര്യങ്ങൾ വീട്ടിലറിയിച്ചപ്പോൾ അവരെ പിടിച്ചു കെട്ടിക്കാൻ വീട്ടുകാരും തീരുമാനിച്ചു. ഇന്നലെയായിരുന്നു അവരുടെ നികാഹ്.
 
ഇവരെപ്പോലെ തന്നെ ഷാഹീൻബാഗിൽ വെച്ച് കണ്ടുമുട്ടി പ്രണയത്തിലായ മറ്റൊരു പ്രണയജോഡിയാണ്‌ സീഷാൻ-ആയിഷാ എന്നിവർ. ഇന്നാണ് അവരുടെ നികാഹ്. അവരുടെ കുടുംബങ്ങളും മുന്നേ തമ്മിൽ അറിയുന്നവർ തന്നെ. സമരപ്പന്തലിൽ വെച്ച് സീഷാൻ ആയിഷയോട് തന്റെ പ്രണയം അറിയിച്ചു. അവളെ പ്രൊപ്പോസ് ചെയ്തു. ആയിഷ സമ്മതം മൂളിയപ്പോൾ കാര്യങ്ങൾ വീട്ടുകാർ നികാഹിലേക്ക് കൊണ്ടുചെന്നെത്തിച്ചു നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം