നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് ഗാഡ്ഗിൽ: മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ കൊല്ലണം

By Web TeamFirst Published Jan 21, 2023, 8:41 AM IST
Highlights

കാട്ടിലുള്ള വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള കണക്കുകൾ പലതും നുണയാണ്


മുംബൈ: നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും നുണയാണ്. ഷെഡ്യൂൾഡ് ജീവികളുടെ പട്ടിക എടുത്തുകളയണമെന്നും ഗാഡ്ഗിൽ പറയുന്നു.

ഗാഡ്ഗിലിൻ്റെ വാക്കുകൾ - 

ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിക്കുകയോ ചെയ്താൽ നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.  സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യൻ്റെ ആവാസ്ഥ മേഖലയിൽ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ല. ഇന്ത്യയിൽ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. ഇതിൻ്റെ ആവശ്യമില്ല കാട്ടുപ്പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കാട്ടുപ്പന്നികളുടേയും കടുവകളുടേയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്, വന്യജീവികൾക്ക് മനുഷ്യനെ കൊല്ലാം സ്വയംരക്ഷയ്ക്ക് പോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്.  കാട്ടിലുള്ള വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള കണക്കുകൾ പലതും നുണയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി കൊണ്ടുള്ള വന്യജീവിസംരക്ഷണമാണ് വേണ്ടത്. വന്യജീവി സംരക്ഷണം സംബന്ധിച്ച നിലവിൽ നയങ്ങളിൽ പുനപരിശോധന ആവശ്യമാണ്. 

click me!