
ഭോപ്പാൽ: വിവാഹച്ചടങ്ങിനിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് വേദിയായി മധ്യപ്രദേശിലെ ഒരു ഗ്രാമം. വധൂവരന്മാർ പരസ്പരം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനിടെ, വരന് പൂമാല ഇടുന്നതിന് പകരം, വധു സദസ്സിൽ ഉണ്ടായിരുന്ന കാമുകന് മാലയിട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. ഛിന്ദ്വാരയിലെ പരാസിയയിലുള്ള ഗ്രാമത്തിലാണ് സംഭവം. വേദിയിൽനിന്ന് കാമുകന്റെ അടുത്തേക്ക് ഓടിയിറങ്ങുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഏപ്രിൽ 22നും 23നും ഇടയിലുള്ള രാത്രിയിലാണ് സംഭവം. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, വരൻ ഉൾപ്പെടുന്ന സംഘം എത്തിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ ഉണ്ടായത്. വധൂവരന്മാരെ വേദിയിലേക്ക് കൊണ്ടുവന്ന് ഇരുവർക്കും ബന്ധുക്കൾ പൂമാല കൈമാറി. ആദ്യം വധുവിൻ്റെ ഊഴമായിരുന്നു. വരന് മാല ചാർത്താൻ നിർദേശം ലഭിച്ചെങ്കിലും മടിച്ചുനിന്ന യുവതി പെട്ടെന്ന് മാലയുമായി സദസ്സിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടർന്ന് സദസ്സിൽ ഉണ്ടായിരുന്ന യുവാവിന് മാല ചാർത്തി.
സംഭവം വധുവരന്മാരുടെ സംഘങ്ങൾ തമ്മിൽ ചൂടേറിയ തർക്കങ്ങൾക്കും കൈയേറ്റത്തിനും ഇടയാക്കി. ഇതിനിടെ, വധുവിൻ്റെ കുടുംബാംഗങ്ങൾ യുവതിയുടെ കാമുകനെന്ന് കരുതുന്ന യുവാവിനെ മർദിക്കുകയും സ്ഥലത്തുനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ചടങ്ങ് ഉപേക്ഷിച്ചു.
പെൺകുട്ടിക്കും ആൺകുട്ടിക്കും പ്രായപൂർത്തിയായതിനാൽ തങ്ങൾക്ക് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സംഭവത്തിൽ വരൻ്റെ ഭാഗത്തുനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും പെൺകുട്ടിക്കോ യുവാവിനോ എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്ന് വരൻ്റെ കുടുംബം എഴുതിനൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam