Latest Videos

'ഹാപ്പി ജന്മദിനം ചെന്നൈ'; 383-ാം പിറന്നാളാഘോഷത്തിന് ഒരുങ്ങി നഗരം, വമ്പന്‍ പ്രോഗ്രാമുകളുമായി സര്‍ക്കാരും

By Vishnu N VenugopalFirst Published Aug 21, 2022, 9:11 AM IST
Highlights

മദ്രസപ്പട്ടണം ഗ്രാമത്തിന്‍റെ നിയന്ത്രണാധികാരം ഉണ്ടായിരുന്ന വിജയനഗരസാമ്രാജ്യം പ്രതിനിധി ധർമല വെങ്കിടാദ്ര നായക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് തന്‍റെ അധീനതയിലുണ്ടായിരുന്ന പ്രദേശം വിറ്റത് 1639 ജൂലൈ 22നാണ് എന്നാണ് ചരിത്രരേഖ. 

ചെന്നൈ: ചെന്നൈ നഗരം 383-മത് പിറന്നാളാഘോഷത്തിന്‍റെ ഒരുക്കത്തിലാണ്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാരും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും സംഘടിപ്പിച്ചിരിക്കുന്നത്. നാളെയാണ് ചെന്നൈ നഗരത്തിന്‍റെ  383-മത് 'ജന്മദിനം'. വിനോദസഞ്ചാര കേന്ദ്രമായ ബസന്ത് നഗർ ഏലിയട്ട് ബീച്ച് കേന്ദ്രീകരിച്ചാണ് ആഘോഷപരിപാടികൾ. നഗരപ്പിറന്നാൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തമിഴ്നാട് സർക്കാരും കോർപ്പറേഷനും.

പാട്ട്, ഭക്ഷണം, സെൽഫി, റീൽസ് തുടങ്ങി നഗരത്തിൽ ജീവിക്കുന്നവർക്കും നഗരത്തെ സ്നേഹിക്കുന്നവർക്കുമായി
രണ്ട് ദിവസം വമ്പന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്.  ചരിത്രകാരൻമാർ കണ്ടെടുത്ത ഒരു വിൽപ്പനയുടമ്പടിയിൽ നിന്നാണ് ചെന്നൈ നഗരത്തിന്‍റെ പിറന്നാളാഘോഷത്തിന് തുടക്കമായത്. മദ്രസപ്പട്ടണം ഗ്രാമത്തിന്‍റെ നിയന്ത്രണാധികാരം ഉണ്ടായിരുന്ന വിജയനഗരസാമ്രാജ്യം പ്രതിനിധി ധർമല വെങ്കിടാദ്ര നായക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് തന്‍റെ അധീനതയിലുണ്ടായിരുന്ന പ്രദേശം വിറ്റത് 1639 ജൂലൈ 22നാണ് എന്നാണ് ചരിത്രരേഖ. 

ബ്രിട്ടീഷുകാർ അവരുടെ ആദ്യ കോട്ട മഗ്രസപ്പട്ടണത്തിൽ  കെട്ടിയതിന് പിന്നാലെയാണ് ഈ ദേശം മദ്രാസ് നഗരമായി പരിണമിക്കുന്നത്. പ്രധാന ആഘോഷം ബസന്ത് നഗർ ബീച്ചിലാണെങ്കിലും നഗരത്തിൽ പലയിടത്തും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കലാ സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ, പെയിന്‍റിംഗ്, ഫോട്ടോഗ്രാഫി, എന്നിങ്ങനെ ആഘോഷം പലവിധമാണ്. ബീച്ചിൽ രാത്രി പതിനൊന്നര വരെ സംഗീത പരിപാടികളുമുണ്ട്. ചെന്നൈക്ക് ഹാപ്പി ബെർത്ഡേ പറയുന്ന  സെൽഫി പോയിന്‍റുകളാണ് മറ്റൊരു ആകർഷണം. 

Chennai 600011 comprising Perambur and Sembiam may not be your idea of a place to visit but it holds a lot of history, particularly of industrial development, https://t.co/84cBWSZj0U

— Sriram V (@MadrasMobile)

ചെന്നൈയിൽ ജീവിക്കുന്നവർക്കും ചെന്നൈയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കും നഗരപ്പിറന്നാളാഘോഷത്തിന്‍റെ ഭാഗമാകാൻ കഴിയും വിധമാണ് സാമൂഹിക മാധ്യമങ്ങളിലെ റീൽസ് മത്സരം. പൊലീസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഹാപ്പി സ്ട്രീറ്റുകളുമുണ്ട്. തിരക്കേറിയ ചില റോഡുകൾ രണ്ട് ദിവസത്തേക്ക് കാർണിവൽ കേന്ദ്രങ്ങളാകും. ഈ സന്തോഷത്തെരുവുകളിൽ ജനങ്ങൾക്ക് പാർക്കുകളിലെന്നപോലെ നടക്കാനിറങ്ങാം, ഐസ്ക്രീമും ലഘുഭക്ഷണവും നുണയാം, വിനോദങ്ങളിൽ ഏർപ്പെടാം, ആഘോഷത്തിൽ അലിയാം.

Read More :  '10 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും'; സിംഗപ്പൂരില്‍ അവധി ആഘോഷിച്ച് അഹാനയും കുടുംബവും

click me!