
ചെന്നൈ: കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങൾ കാറ്റിൽപറത്തിയാണെന്നും കോടതി വിമർശിച്ചു. വോട്ടെണ്ണൽ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‌കി.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam