കേന്ദ്രസർക്കാരിന്റെ വിവാദമായ മണ്ഡല പുനർനിർണയ ബില്ലിനെ എൻസിപി ശരദ് പവാർ വിഭാ​ഗം പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിന്റെ അന്തിമരൂപത്തെ ആശ്രയിച്ചായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുകയെന്നായിരുന്നു സുപ്രിയ സുലേയുടെ പ്രതികരണം.

മുംബൈ: കേന്ദ്രസർക്കാരിന്റെ വിവാദമായ മണ്ഡല പുനർനിർണയ ബില്ലിനെ എൻസിപി ശരദ് പവാർ വിഭാ​ഗം പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. എൻഡിഎയുമായി എൻസിപി ശരദ് പവാർ വിഭാ​ഗം കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേരത്തേ പ്രതിപക്ഷം വോട്ടിനിട്ട് തള്ളിയ ബില്ലിനെ എൻസിപി പിന്തുണച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ പ്രതിപക്ഷനിരയിൽ കടുത്ത വിള്ളലുണ്ടാക്കുന്ന രാഷ്ട്രീയനീക്കമാകും ഇത്.

അതേസമയം, എൻഡിഎയുമായി കൈകോർക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളിയ എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലേ, മണ്ഡല പുനർനിർണയ ബില്ലിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിന്റെ അന്തിമരൂപത്തെ ആശ്രയിച്ചായിരിക്കും പാർട്ടി നിലപാട് സ്വീകരിക്കുകയെന്നായിരുന്നു സുപ്രിയ സുലേയുടെ പ്രതികരണം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവും അത് നടപ്പാക്കുന്ന രീതിയും സർക്കാർ വിശദീകരിച്ചാൽ തങ്ങൾ അതിനെ പിന്തുണയ്ക്കുമെന്നും സുപ്രിയ സുലേ പറഞ്ഞു.

നേരത്തേ ലോക്സഭയിൽ മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ എല്ലാ സംസ്ഥാനത്തും 50 ശതമാനം വർധനവാണ് ആവശ്യമെങ്കിൽ അത് ഭേദ​ഗതിയിലൂടെ ചെയ്യാമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, അന്ന് നിർദേശിക്കപ്പെട്ട ഭേദ​ഗതി ബില്ലിന്റെ അന്തിമ രൂപത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രം ബില്ല് വീണ്ടും അവതരിപ്പിക്കുമെന്നും ഇതിനായി ഡിഎംകെ, എൻസിപി ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുന്നതായും മുതിർന്ന കോൺ​ഗ്രസ് നേതാവ് പി. ചിദംബരം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കരുതെന്നും കോൺ​ഗ്രസ് നേതാവ് പ്രാദേശിക പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനുപിന്നാലെയാണ് എൻസിപി ശരദ് പവാർ വിഭാ​ഗം ആവശ്യമായ ഭേദ​ഗതി വരുത്തിയാൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന നിലപാടുമായി മുന്നോട്ടുപോകുന്നത്. ഇത് പ്രതിപക്ഷനിരയിൽ പിളർപ്പുണ്ടാക്കുന്നനീക്കമാണെന്നും രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.