മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ നാനാ പട്ടോലെ സ്പീക്കര്‍; തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി ബിജെപി

By Web TeamFirst Published Dec 1, 2019, 11:36 AM IST
Highlights

സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള പത്രിക ബിജെപി സ്ഥാനാർഥിയായിരുന്ന കിസാൻ കതോരി പിൻവലിച്ചതോടെയാണ് കോൺഗ്രസ് സ്ഥാനാർഥി നാനാ പട്ടോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 

മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോൺഗ്രസിന്‍റെ  നാനാ പട്ടോലെയെ തെരഞ്ഞെടുത്തു. സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള പത്രിക ബിജെപി സ്ഥാനാർഥിയായിരുന്ന കിസാൻ കതോരി പിൻവലിച്ചതോടെയാണ് കോൺഗ്രസ് സ്ഥാനാർഥി നാനാ പട്ടോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വിദർഭ മേഖലയിലെ സകോലിയിൽ നിന്നുള്ള എംഎൽഎയാണ് പട്ടോലെ.

12 മണിയോടെ സ്പീക്കര്‍ തെരഞ്ഞെടുപ്പെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി പിന്മാറുകയായിരുന്നു. സ്പീക്കറെ തെരഞ്ഞെടുത്തതോടെ ഇനി മന്ത്രിസ്ഥാനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങളിലാണ് മഹാവികസൻ അഖാഡി ചർച്ചയാരംഭിക്കുക. ഇന്നലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.

ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറേ സര്‍ക്കാര്‍; മഹാരാഷ്ട്രീയത്തില്‍ ഇനിയെന്ത്?

170 ലധികം പേരുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ത്രികക്ഷി സഖ്യത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു. മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്.

click me!