വാടക ഗര്‍ഭപാത്ര വില്‍പ്പന വ്യാപകം: ഇടനിലക്കാര്‍ വാങ്ങുന്നത് വന്‍തുക, ഈടാക്കുന്നത് 18 ലക്ഷം വരെ

By Web TeamFirst Published Dec 1, 2019, 10:40 AM IST
Highlights

തുടക്കം ആറു ലക്ഷത്തിലാണ് പക്ഷേ പതിനെട്ട് ലക്ഷമുണ്ടെങ്കില്‍ ഒന്നുമറിയേണ്ട, കുട്ടികളുമായി കേരളത്തിലേക്ക് പറക്കാമെന്ന് ഏജന്‍റ് പറയുന്നു. 

ദില്ലി: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് പാര്‍ലമെന്‍റിന്‍റെ പരിഗണനയിലിരിക്കേ ദില്ലി - ഹരിയാന അതിര്‍ത്തിയില്‍ ഗര്‍ഭപാത്ര വില്‍പ്പന  പൊടിപൊടിക്കുന്നു. വൻതുക വാങ്ങി ഇടനിലക്കാർ മുഖേനയാണ് കച്ചവടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.

അടുത്ത ബന്ധുക്കളുടെ മാത്രം വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ സാധ്യമാണോ, വാടക ഗര്‍ഭ പാത്രം നല്‍കുന്ന അമ്മയ്ക്ക് പരിമിത ചികിത്സാ സഹായം മതിയോ, എന്നീ നിർണായക ചോദ്യങ്ങളോടെയാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് രാജ്യസഭ സബ്ജറ്റ് കമ്മിറ്റിക്ക് അയച്ചത്. ബില്ല് രാജ്യശ്രദ്ധയിൽ എത്തുമ്പോൾ തലസ്ഥാനമേഖലയിലെ സ്ഥിതിയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചത്.

പണം മുടക്കിയാല്‍ കുഞ്ഞിനെ നല്‍കാമെന്ന ഏജന്‍റിന്‍റെ വാക്കിലാണ് ഏഷ്യാനെറ്റ് സംഘം ഗുഡ്ഗാവിലേക്ക് പുറപ്പെട്ടത്. ഗലികള്‍ താണ്ടി ആള്‍ത്തിരക്ക് ഒഴിഞ്ഞ സെക്ടര്‍ 12-ലെ വീടിന് മുമ്പിലെത്തി ഞങ്ങളുടെ സംഘം. പുറത്ത് വാടക ഗര്‍ഭധാരണത്തെറിച്ചുള്ള ചെറിയ ബോര്‍ഡുണ്ട്. ഇടനാഴിയില്‍ പല പ്രായത്തിലുള്ള ഗര്‍ഭിണികള്‍.

കേരളത്തില്‍ നിന്നെത്തിയതെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ ഏജന്‍റ് പാക്കേജുകള്‍ നിരത്തി. 18 ലക്ഷം രൂപയ്ക്ക് ബേബി പാക്കേജ് ലഭ്യമാകും.  25-000 അഡ്വാന്‍സ് ആയി നല്‍കണം, ആദ്യ ഗഡു 9 ലക്ഷം. രണ്ടാം പാക്കേജില്‍ പ്രസവത്തിന് ഒരുമാസം മുമ്പുവരെയും പ്രസവശേഷം ഒരുമാസം മുമ്പുവരെയും വാടക ഗര്‍ഭപാത്രം നല്‍കുന്ന അമ്മമാരെ തങ്ങളുടെ ഹോസ്റ്റലുകളില്‍ സംരക്ഷിക്കുമെന്നുമാണ് ഏജന്‍റ് ഉറപ്പുനല്‍കുന്നത്. 

തുടക്കം ആറു ലക്ഷത്തിലാണ്. പക്ഷേ പതിനെട്ട് ലക്ഷമുണ്ടെങ്കില്‍ ഒന്നുമറിയേണ്ട, കുട്ടികളുമായി കേരളത്തിലേക്ക് പറക്കാമെന്ന് ഏജന്‍റ് പറയുന്നു. പലനിരക്ക് എന്താണെന്ന് ചോദിച്ചാല്‍ മറുപടി ഇങ്ങനെ: 'എന്താ വ്യത്യാസമെന്നുവച്ചാല്‍ സുന്ദരികളായ അമ്മമാരായിരിക്കും. വിദ്യാസമ്പന്നരായിരിക്കും. പഞ്ചാബി സുന്ദരികളായിരിക്കും.നിങ്ങള്‍ക്ക് നല്ല കുട്ടികളെ കൊണ്ടുപോകാം'. നിയമപ്രശ്നങ്ങളുണ്ടാവില്ലെന്നും ഏജന്‍റ് ഉറപ്പ് നല്‍കുന്നുണ്ട് . ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മമാര്‍ക്ക് പരമാവധി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് വേണ്ടി പഠനം നടത്തിയ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്‍റ് കണ്ടെത്തിയത്. 

രണ്ടായിരത്തിലധികം അനധികൃത ക്ലിനിക്കുകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചത്. ഇടനിലക്കാരുടെ കൊള്ള തടയാന്‍ നിയമില്ലെന്നതാണ് അവരുടെ പിടിവള്ളി. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള നൂറുകണക്കിന് അമ്മമാരാണിങ്ങനെ ഗുഡ്ഗാവിലെ സറോഗസി ഹോമുകളില്‍ ജീവിക്കുന്നത്.  ഒരുകുഞ്ഞിനെ പ്രസവിച്ച് നല്‍കിയാല്‍ ആ തുക കൊണ്ട്  ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കാണുന്നവരാണ് ഈ പാവങ്ങള്‍.

click me!