
മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിയിലൂടെ എൻ സി പി പിളർത്തി അജിത് പവാറും സംഘവും എൻ ഡി എ ക്യാംപിലെത്തിയതിന്‍റെ ഞെട്ടലിലാണ് പ്രതിപക്ഷം. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. അതിനിടയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചതിന്‍റെ വിവരങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്. ശരത് പവാറുമായി സംസാരിച്ചതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. താൻ സ്ട്രോങ്ങ് ആണെന്നും ജനങ്ങളുടെ പിന്തുണ നമുക്കുണ്ടെന്നുമാണ് ശരദ് പവാർ പറഞ്ഞതെന്ന് അദ്ദേഹം വിവരിച്ചു. ഉദ്ധവ് താക്കറയുമായി ചേർന്ന് വീണ്ടും എല്ലാം പുനർ നിർമ്മിക്കുമെന്നും ശരദ് പവാർ പറഞ്ഞതായി റാവത്ത് വ്യക്തമാക്കി.
അജിത് പവാറിന്‍റേത് വഞ്ചന,എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ
അതേസമയം നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻ സി പിയെ പിളർത്തി ഇന്ന് ഉച്ചയോടെയാണ് അജിത് പവാർ ഏക് നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. തന്നെ പിന്തുണയ്ക്കുന്ന 13 എം എൽ എമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 40 എം എൽ എമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എം എൽ എമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല.
അതിനിടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള ഘടകം രംഗത്തെത്തി. എന്‍ ഡി എക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളിക്കളയുന്നതാണ് കേരള ഘടകത്തിന്‍റെ നിലപാട്. എൻ സി പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. അജിത് പവാറിന്‍റേത് വഞ്ചനയാണെന്നും അധികാരമോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ എൻ സി പി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻ സി പി ഒരു കാരണവശാലും ബി ജെ പിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെയാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam