
ഡൽഹി: മോദി സർക്കാരിന്‍റെ മൂന്നാം ഊഴത്തിലെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തി വൻ അഴിച്ചുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്.
ഭരണരംഗത്തും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായ ശക്തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചനയുള്ളതായാണ് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന് നിർണായകമായ വകുപ്പ് നൽകിയേക്കുമെന്നാണ് വിവരം.
നിലവിലെ പ്രമുഖ മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇവരെ പാർട്ടി സംഘടന ചുമതലകളിലേക്ക് മാറ്റിയേക്കും. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സജീവമായ പാർട്ടി പ്രവർത്തനവും യുവനേതൃത്വമെന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ 6 എംപിമാരെ കൂറുമാറ്റി ഷിൻഡെ പക്ഷത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് ശ്രീകാന്ത് ഷിൻഡെ കേന്ദ്രമന്ത്രിസഭയിലെത്തിയേക്കും. ആം ആദ്മി പാർട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയ പ്രമുഖ നേതാക്കളായ രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവരെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടി നൽകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പുതുക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam