കർണാടകത്തിലെ ശിവഗംഗെ മലനിരകളിൽ ട്രക്കിങ്ങിനായി പോയ യുവാവിനെ കാണാതായി. മധ്യപ്ര​ദേശിലെ ഇൻഡോ‍ർ സ്വദേശിയായ അദ്വൈത് ഉപാധ്യായയെ ആണ് കാണാതായത്. സോഫ്റ്റ്‍വെയർ ജീവനക്കാരനാണ്. വെള്ളിയാഴ്ച ആണ് ട്രക്കിനായി പോയത്.

ബെംഗളൂരു: കർണാടകത്തിൽ ശിവഗംഗെ മലനിരകളിൽ തനിച്ചു ട്രക്കിങ്ങിന് പോയ ശേഷം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. സോഫ്റ്റ്‍വെയർ ജീവനക്കാരനായ അദ്വൈത് ഉപാധ്യായ (31) യെ ആണ് കാണാതായത്. യുവാവിനായി പൊലീസിനും മറ്റ് ഏജൻസികളും ചേ‍ർന്നാണ് തെരച്ചിൽ നടത്തുകയാണ്. യുവാവിൻ്റെ ബൈക്ക് അടിവാരത്തുനിന്ന് കണ്ടെത്തി. മധ്യപ്ര​ദേശിലെ ഇൻഡോ‍ർ സ്വദേശിയാണ് കാണാതായ അദ്വൈത് ഉപാധ്യായ. വൈറ്റ്‍ഫീൽഡിലെ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇയാൾ കഡു​ഗോഡി മേഖലയിലാണ് താമസം.

വെള്ളിയാഴ്ച ബൈക്ക് വാടകയ്ക്ക് എടുത്താണ് അദ്വൈത് ശിവഗംഗെയിലേക്ക് ട്രക്കിങ്ങിനായി പോയത്. ട്രക്കിങ്ങിന് പോകുന്ന കാര്യം അദ്വൈത് തൻ്റെ പ്രതിശ്രുത വധുവിനോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ അദ്വൈത് സ്ഥലത്തെത്തി മലകയറ്റം ആരംഭിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉച്ചയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നെങ്കിലും യുവാവിനെക്കുറിച്ച് വിവരമില്ലാതായി. ഇയാളെ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരം പ്രതിശ്രുത വധു കഡു​ഗോഡി സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ ആണ് പൊലീസ് യുവാവിനായി അന്വേഷണം തുടങ്ങിയത്.

യുവതിയുടെ പരാതിയെ തുട‍ർന്ന് കഡു​ഗോഡി പൊലീസ് വിവരം, നീലമം​ഗല, ദൊബ്ബാസ്പേ‍ട്ട് മേഖലകളിലെ ഉദ്യോ​ഗസ്ഥരെ അറിയിച്ചതോടെ യുവാവിനായി തെരച്ചിൽ ആരംഭിച്ചു. ബൈക്ക് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവാവ് തിരിച്ചിറങ്ങി വന്നിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ അവസാന ലൊക്കേഷൻ പരിശോധിച്ചു വരികയാണ് പൊലീസ്. കുനി​ഗൽ റോഡിലെ കുഡൂരുവിന് സമീപത്തുനിന്ന് സി​ഗ്നൽ ലഭിച്ച ശേഷം ഫോൺ സ്വിച്ച് ഓഫാണ്.

ശിവഗംഗെയിലെ ഏറ്റവും അപകടകരമായ ഭാഗങ്ങളിലൊന്നായ ശാന്തള ഡ്രോപ്പ് കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഡ്രോൺ ഉപയോ​ഗിച്ചു നടത്തിയ പരിശോധനയിൽ മനുഷ്യശരീരത്തിന് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാ​ഗത്തേക്ക് എത്തിപ്പെടാൻ പ്രയാസമുള്ളതിനാൽ സ്ഥീകരണമായിട്ടില്ല. നൂറോളം പൊലീസ് ഉദ്യോ​ഗസ്ഥരും എൻഡിആ‍ർഎഫ്, എസ്ഡിആർഎഫ്, വനം വകുപ്പ് ഉദ്യോ​ഗസ്ഥരും തെരച്ചിലിൻ്റെ ഭാ​ഗമാകുന്നുണ്ട്.

അദ്വൈതിന്റെ വീട്ടിൽനിന്ന് ലഭിച്ച ലാപ്ടോപ്പും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ലാപ്ടോപ്പിലെ ബ്രൗസിങ് ഹിസ്റ്ററിൽനിന്ന് ശിവ​ഗം​ഗെ മലനിരകളെക്കുറിച്ചും ശാന്തള ഡ്രോപ്പിനെക്കുറിച്ചും കണ്ടെത്തിയിട്ടുണ്ട്. ബെം​ഗളൂരുവിന് സമീപം ജീവനൊടുക്കാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ചും യുവാവ് തിരഞ്ഞതായി റിപ്പോ‍ർട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവാവിൻ്റെ സുഹൃത്തുക്കളിൽ നിന്നടക്കം പൊലീസ് മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഐഐടിയിൽനിന്ന് സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദധാരി ആണ് അദ്വൈത് ഉപാധ്യായ. ഇൻഡോ‍ർ കേന്ദ്രീകരിച്ചുള്ള വ്യവസായിയുടെ മകനാണ്. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.