
ദില്ലി: മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് (Covid) ബാധിക്കുമെന്ന് ഐസിഎംആറിലെ (ICMR) വിദഗ്ധൻ. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ 16 ശതമാനം വർധനയുണ്ടായി. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ഒമിക്രോൺ (omicron) പടരുന്നത് വഴിയുള്ള പുതിയ തരംഗത്തിൽ മിക്കവാറും പേർക്ക് കൊവിഡ് ബാധിക്കുമെന്നാണ് ഐ സി എം ആറിലെ പകർച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്. എന്നാൽ രോഗം ബാധിച്ച വിവരം പലരും അറിയുക പോലുമില്ല. 80 ശതമാനം പേരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതെ കൊവിഡ് കടന്നു പോകുമെന്നും ഡോ ജയ്പ്രകാശ് പറഞ്ഞു.
രാജ്യത്ത് 1,94,720 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപത്തി ആറായിരം പേർക്ക് കൂടി അധികമായി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. 120 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലെത്തി. പശ്ചിമ ബംഗാളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനമാണ്. ദില്ലിയിൽ മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് കൂടി. അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു.
മൂന്ന് ദിവസം മുൻപ് നാൽപത്തി നാലായിരം കടന്ന പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞ് ഇന്നലെ മുപ്പത്തിനാലായിരത്തിലേക്ക് എത്തി. കൊവിഡ് കണക്ക് ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏറ്റവും കുറഞ്ഞത് 48 മണിക്കൂറിലേക്ക് വേണ്ട ഓക്സിജൻ എങ്കിലും കരുതണമെന്നാണ് നിർദേശം. സംസ്ഥാനതലത്തിൽ ഓക്സിജൻ കൺട്രോൾ റൂമുകൾ സജ്ജീകരിക്കാനും നിർദേശമുണ്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്വഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇരുവരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam