
ദില്ലി: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയിൽ വെച്ച് മര്‍ദനം. മോഷണക്കുറ്റം ആരോപിച്ചാണ് മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. ദില്ലി പൊലീസും ഒരു സംഘത്തിനൊപ്പം ചേർന്ന് മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ദില്ലി ചെങ്കോട്ട പരിസരത്ത് വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സാക്കിർ ഹുസൈൻ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പൊലീസും സംഘത്തിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പൊലീസിനോട് കാര്യങ്ങള്‍ പറയാൻ ശ്രമിച്ചെങ്കിലും കേള്‍ക്കാൻ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഫോണും വാച്ചും വിൽക്കുന്നതിനായാണ് ഒരാള്‍ തങ്ങളെ സമീപിച്ചത്. വേണ്ടെന്ന് പറഞ്ഞ് പോവുന്നതിനിടെയാണ് ആള്‍ക്കാരെ കൂട്ടി വന്ന് മോഷണം ആരോപിച്ച് പൊലീസിന്‍റെ അടുത്തേക്ക് കൊണ്ടുപോയത്.മാര്‍ക്കറ്റിന്‍റെ ഉള്ളിൽ നിന്ന് തന്നെ പൊലീസുകാര്‍ തങ്ങളെ മര്‍ദിച്ച് ഫോണുകള്‍ തട്ടിയെടുത്ത് അവര്‍ക്ക് നൽകുകയായിരുന്നു. ഇതോടെ അവിടെ നിന്ന് തങ്ങളുടെ ഫോണ്‍ എടുത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി പരാതി നൽകുകയായിരുന്നു. എന്നാൽ, അവിടെ വെച്ചും പൊലീസ് മര്‍ദിച്ചു. മുണ്ട് അടക്കം അഴിപ്പിച്ചശേഷമായിരുന്നു മര്‍ദനം. ലാത്തികൊണ്ട് അടക്കം മര്‍ദിച്ചു. സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് മര്‍ദനം തുടര്‍ന്നു. പിന്നീട് കോളേജിൽ നിന്ന് സീനിയേഴ്സ എത്തിയപ്പോഴാണ് വിട്ടയച്ചത്. വിഷയത്തിൽ ദില്ലി ഡിസിപിക്കടക്കം വിദ്യാർത്ഥികൾ പരാതി നൽകി.