251 കി.മി വേഗതയിൽ ബിഎംഡബ്യൂ കൺവർട്ടബിൾ കാർ, 3 പേരും തെറിച്ച് റോഡിലേക്ക്; മലയാളി യുവതിയുടെ ജീവനെടുത്ത അപകടം ജന്മദിനാഘോഷത്തിനിടെ

Published : Jun 23, 2026, 07:50 AM IST
Mumbai BMW Accident

Synopsis

അപകടം നടക്കുന്നതിന് മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്. അമിതവേഗത്തിലായിരുന്ന കാർ ഡിവൈ‍ഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു.

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം. ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചൽ. സംസ്കാരച്ചടങ്ങുകൾ ഇന്നു രാവിലെ 11ന് വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.

നിർമ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെൽഹി എക്സ്പ്രസ് വേയിൽ ബദ്ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കൺവേർട്ടിബിൾ മോഡൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേരും തൽക്ഷണം മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്. അമിതവേഗത്തിലായിരുന്ന കാർ ഡിവൈ‍ഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ ബദ്ലാപൂരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. മുംബൈ– വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ബദ്ലാപൂർ വെസ്റ്റിൽ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറിൽ റൈഡിനിറങ്ങിയത്. പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമ്മാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്താണ് ഇവർ വണ്ടിയോടിച്ചത്. പത്ത് വരി പാതയായതിനാൽ കാർ പരമാവധി വേഗതയിൽ ഓടിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിവേഗത്തിൽ പാഞ്ഞ കാർ റോഡിലെ സിമന്റ് ബാരിക്കേഡുകളോ ഡിവൈഡറോ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സെൻട്രൽ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

'പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിൽ ഹൈവേയിലൂടെ നടക്കാനിറങ്ങിയപ്പോൾ ഈ കാർ അതിവേഗത്തിൽ രണ്ടുതവണ ഞങ്ങളെ കടന്നുപോയി. മൂന്നാമത്തെ റൗണ്ടിൽ വലിയൊരു സ്ഫോടന ശബ്ദം കേട്ടു. ചെന്നുനോക്കുമ്പോൾ കാർ പൂർണ്ണമായും തകർന്നിരുന്നു'- ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. കാർ ഓടിച്ചിരുന്നത് അങ്കദ് ആണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. കാറിന്‍റെ സൺറൂഫ് തുറന്നിട്ട നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലിരുന്നവർ 500 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ശരീരഭാഗങ്ങൾ റോഡിന്റെ പല ഭാഗങ്ങളിലായി 100 മീറ്റർ ദൂരത്തോളം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കാറിന്റെ എഞ്ചിൻ ഇടി നടന്ന സ്ഥലത്തുനിന്നും 30 മീറ്റർ അകലെയാണ് തെറിച്ചുവീണത്. സംഭവത്തിൽ ബദ്ലാപൂർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി, പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി, പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്