ഗുജറാത്തിലെ സൂറത്തിൽ ഹാനികരമായ രാസപദാർത്ഥങ്ങൾ, പാമോയിൽ, വനസ്പതി എന്നിവ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമ്മിച്ച ഡയറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്സവ സീസൺ ലക്ഷ്യമിട്ട് വൻതോതിൽ നിർമ്മാണം നടത്തിയതായി കണ്ടെത്തി. പിടിച്ചെടുത്ത സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ നാടൻ നെയ്യുമായി ഡയറി ഉടമ പിടിയിൽ. സൂറത്ത് നഗരത്തിലെ ഡയറി യൂണിറ്റിൽ നടന്ന മിന്നൽ പരിശോധനയിലാണ് ശരീരത്തിന് ദോഷകരമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നെയ്യ് പോലീസ് പിടിച്ചെടുത്തത്. പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, കൃത്രിമ നിറങ്ങൾ എന്നിവ കലർത്തിയാണ് യഥാർത്ഥ നെയ്യുടെ മണവും രുചിയും നൽകി വ്യാജ നെയ്യ് നിർമ്മിച്ചിരുന്നതെന്നാണ് അന്വേഷണ നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

കണ്ടെടുത്ത വ്യാജ നെയ്യ് സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഫുഡ് ആൻഡ് ഡ്രഗ്സ് ലാബിലേക്ക് അയച്ചു. മനുഷ്യശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളാണ് ഇതിൽ ചേർത്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ തുക ലാഭം ഉണ്ടാക്കുന്നതിനാണ് പ്രതികൾ ഇത്തരം അനധികൃത നിർമ്മാണം നടത്തിയത്. ഡയറി ഉടമയ്ക്കൊപ്പം ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്സവ സീസണുകൾ മുന്നിൽ കണ്ട് വൻതോതിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്താൻ സാധ്യതയുള്ളതിനാൽ പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും വ്യക്തമാക്കി.

Scroll to load tweet…