പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിമാരോട് മമതാ ബാനര്‍ജി

By Web TeamFirst Published Jan 20, 2020, 2:04 PM IST
Highlights

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണം എന്നും മമത അഭിപ്രായപ്പെട്ടു. 
 

കൊല്‍ക്കത്ത: എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണം എന്നും മമത അഭിപ്രായപ്പെട്ടു. 

രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും,  യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നേരത്തെ മമതാ ബാനർജി കത്തയച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നാണ് മമത കത്തിൽ ആവശ്യപ്പെട്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു.

''ആശങ്കകളാണ് ഞാൻ ഈ കത്തിൽ പങ്കുവെക്കുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ​ഗൗരവത്തോടെ പരി​ഗണിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.'' മമത കത്തിൽ വിശദീകരിച്ചിരുന്നു.

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന ബിജെപി എംപി സൗമിത്രാ ഖാന്‍റെ പ്രസ്താവന വിവാദമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് സൗമിത്രാ ഖാന്‍. 

Read Also: 'പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍': ബിജെപി എംപി

click me!