കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന പ്രസ്താവനയുമായി ബിജെപി എംപി സൗമിത്രാ ഖാന്‍. 2019 ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് സൗമിത്രാ ഖാന്‍. ദേശീയ പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് പ്രമുഖര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നായ്ക്കളാണെന്ന് സൗമിത്രാ ഖാന്‍ പറഞ്ഞു. 

ബിജെപിയുടെ ബിഷ്ണാപൂരില്‍ നിന്നുള്ള എംപിയാണ് സൗമിത്രാ ഖാന്‍. രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ നിശബ്ദരായി ഇരിക്കുന്നവരാണ് ഈ പ്രമുഖര്‍ എന്നും സൗമിത്രാ ഖാന്‍ ആരോപിച്ചു. സംസ്ഥാനത്തെ അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ അണിനിരന്നതാണ് സൗമിത്രാ ഖാനെ പ്രകോപിപ്പിച്ചത്. 

ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ നിരവധി ബുദ്ധിജീവികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അവര്‍ സമൂഹത്തില്‍ അപസ്വരങ്ങള്‍ സൃഷ്ടിക്കുന്നെന്നും ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്‍റ് ദിലീപ് ഘോഷ് ശനിയാഴ്ച പറഞ്ഞിരുന്നു. ഇത്തരം ബുദ്ധിജീവികളെ തെരുവില്‍ എത്തിക്കുന്നത് സിപിഎം ആണെന്നും മമതാ ബാനര്‍ജി ഇത്തരക്കാരെ സൃഷ്ടിക്കുന്ന ഫാക്ടറി സൃഷ്ടിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ പരാദങ്ങള്‍, ദുഷ്ട ജീവി എന്നാണ് ദിലീപ് ഘോഷ് വിളിച്ചത്.  

നേരത്തെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിച്ച സൗമിത്രാ ഖാന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നായിരുന്നു സൗമിത്രയുടെ ആരോപണം. മമതാ ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബിജെപി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും പാര്‍ട്ടിയും അവരുടെ പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്ലീം സ്വത്വത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നതെന്നും സൗമിത്ര പറഞ്ഞിരുന്നു.