നീരവ് മോദിയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം; മമത ബാനര്‍ജി

By Web TeamFirst Published Mar 21, 2019, 10:42 PM IST
Highlights

നീരവ് മോദിയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെയാണ് അഭിനന്ദിക്കേണ്ടതെന്നും മമത പറഞ്ഞു.

കൊൽക്കത്ത: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്തത് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും സര്‍ക്കാരിന്റെ നേട്ടമായി കാണാനാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നീരവ് മോദിയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെയാണ് അഭിനന്ദിക്കേണ്ടതെന്നും മമത പറഞ്ഞു.

വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും നാടുവിട്ട നീരവ് മോദി ബുധനാഴ്ചയാണ് ലണ്ടനിൽ അറസ്റ്റിലായത്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറണമെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടൻ കോടതിയ്ക്ക് മുമ്പാകെ വച്ചത്. 

നീരവിന്റെ മുംബൈയിലെ അലിബാഗിലുള്ള ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബം​ഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. 

നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. നരേന്ദ്രമോദി നീരവിനെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായി.
 

click me!