
അസംതൃപ്തരായ 'ആത്മാക്കൾ' ഫയലുകൾ തടയുന്നു, കർണാടകയിൽ വികസനം ഇഴയുന്നു
കർണാടക സെക്രട്ടറിയേറ്റിൽ ഫയലുകൾ നീങ്ങുന്നതിൽ മതിയായ വേഗത പോരെന്ന് നേതാക്കൾക്ക് സംശയം തോന്നി. പ്രത്യേകിച്ച് കാരണമൊന്നമില്ലാതെ ഔദ്യോഗിക സംവിധാനങ്ങളാകെ മന്ദഗതിയിലായതിനാൽ പദ്ധതികൾക്കെല്ലാം സ്തംഭവാനസ്ഥയിലാണെന്നും നേതാക്കൾക്ക് തോന്നി. പ്രത്യക്ഷത്തിൽ കാരണമൊന്നും കാണാത്തതിനാൽ കാലതാമസത്തിന് കാരണമാകുന്ന മറ്റു സാധ്യതകൾ അന്വേഷിക്കാൻ തീരുമാനമായി. അങ്ങനെ, വിധാന്‍ സൗധക്ക് സമീപമുള്ള ജ്യോതിഷിയെ സമീപിച്ചു. ജ്യോതിഷിയുടെ മറുപടി കേട്ട് പോയവർ ഞെട്ടി. നിരാശരായ ആത്മാക്കൾ ഫയലുകളിൽ ഇരിക്കുന്നത് കാരണമാണ് ഫയലുകൾ നീങ്ങാത്തതെന്ന് ജ്യോതിഷി അറിയിച്ചു. കാര്യം മനസ്സിലാകാത്തവർ കുറച്ച് കൂടി പണം കൊടുത്തപ്പോൾ ജ്യോതിഷി കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി. ഈ പ്രശ്നം മനസ്സിലാക്കാൻ ജെഡിഎസ് എംഎൽഎ സാരാ മഹേഷ് ഒരിക്കൽ പറഞ്ഞത് ഓർക്കണമെന്ന് ജ്യോതിഷി ഓർമിപ്പിച്ചു.
തങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയക്കാരുടെ അസംതൃപ്തരായ ആത്മാക്കളെ കുറിച്ച് മഹേഷ് പരാമർശിച്ചിരുന്നു. നിയമസഭ സമ്മേളനത്തിലായിരുന്നു മഹേഷിന്റെ പരാമർശം. ഒരു താലൂക്ക് പഞ്ചായത്ത് അംഗത്തിന് ജില്ലാപഞ്ചായത്ത് അംഗമാകാനും തുടർന്ന് എംഎൽഎ ആകാനും ആഗ്രഹമുണ്ടാകും. സ്വാഭാവികമായും അവരുടെ അടുത്ത ആഗ്രഹം മുഖ്യമന്ത്രിയോ മന്ത്രിയോ ആകണമെന്നാണ്. പക്ഷേ, എല്ലാവർക്കും ഈ ലക്ഷ്യം കൈവരിക്കാനാകില്ല. ഇങ്ങനെ മരണപ്പെടുന്ന നേതാക്കളുടെ അസംതൃപ്തരായ ആത്മാക്കൾ സ്വതന്ത്രരായി വിഹരിക്കകയാണെന്നാണ് മഹേഷ് പറഞ്ഞത്. ഇനി ആത്മാക്കളെ തളയ്ക്കാൻ വല്ല നടപടിയും ഉണ്ടാകുമോ എന്ന് കണ്ടറിയണം.
കയ്പേറിയ മരുന്നും ഊപർ വാലകളും
രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി കേസിൽ 11,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുകയാണ് പൊലീസ്. ഹരിദ്വാറിലെ മെഡിക്കൽ ഡീലറെ സഹായിക്കാൻ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ആർപിഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തലിനെയാണ് അറസ്റ്റ് ചെയ്തത്. 'ഉപർ വാലെ'ക്ക് വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്തതെന്ന് ദിവ്യ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ആരുമിത് കാര്യമായി എടുത്തില്ല. കുറ്റപത്രത്തിൽ മമ്മിയാണെന്ന് ദിവ്യ പരാമർശിച്ച രണ്ട്`അപ്പർ വാലെ'കൾ ആരാണ് എന്നതും കൗതുകകരമായ ചോദ്യം. അറസ്റ്റിലായ ഉടൻ തന്നെ ദിവ്യയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, അവളുടെ ഉടമസ്ഥതയിലുള്ള ഒരു റിസോർട്ടും പൊളിച്ചു. എന്നാൽ ഇവർക്ക് മുകളിലുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ തൊടാൻ ആരും ധൈര്യപ്പെട്ടില്ലെന്നതും സത്യമാണ്.
അധോലോക നായകരുടെ 'സെൽ' ഭരണം
ഉത്തർപ്രദേശിലെ മാഫിയക്ക് ഇപ്പോൾ പുതിയ ഒരു ചൊല്ലുണ്ട്. ജയിലുകളിൽ കഴിയുന്ന തങ്ങളുടെ ആളുകൾക്ക് മൊബൈൽ ഫോണെത്തിക്കുന്നത് സംബന്ധിച്ചാണത്. For the cell (cadres), from the cell (jail) and through the cell (phone). അടുത്തിടെ യുപിയിലെ പ്രയാഗ്‌രാജിൽ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയപ്പോഴാാണ് അധോലോകത്തിന്റെ കൈകൾ എത്ര ശക്തമാണെന്ന് വ്യക്തമാകുന്നത്. കൊലപാതകത്തിന് പിന്നിൽ ഒരു ഗുണ്ടാ നേതാവിന്റെ രണ്ട് മക്കളെ പിടികൂടാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് കളത്തിലിറങ്ങിയെങ്കിലും ശക്തമായ നടപടികൊളൊന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പാലിന്റെ കൊലപാതകത്തിന് ശേഷം രണ്ട് പ്രതികളെ എൻകൗണ്ടർ ചെയ്തു. എന്നാൽ ഛോട്ടാ നേതാക്കൾ കീഴടങ്ങി. ഇനി ഇവരെ ഏതെങ്കിലും ജയിലിൽ പാർപ്പിക്കുകയും അവിടെ നിന്ന് ഇവരുടെ അധോലോക പ്രവർത്തനങ്ങൾ നിർബാധം തുടരുകയും ചെയ്യും. ഒരുകാലത്ത് ഇവരുടെ അച്ഛനും ജയിലിൽ കിടന്നാണ് യുപിയിലെ അധോലോകത്തെ നയിച്ചിരുന്നത്. അതേ ജീനുകൾ തന്നയല്ലേ മക്കളുടെ ശരീരത്തിലുമുള്ളത്.
ബ്രഹ്മപുരത്ത് പുകയൊഴിഞ്ഞു, 'ദുർഗന്ധം' ഇപ്പോഴും വമിക്കുന്നു
എറണാകുളം നഗരത്തെ വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യപ്രതിസന്ധിക്ക് പുറകിലുള്ളത് കൊടും തട്ടിപ്പുകളുടെ വലിയ കഥകളാണ്. വലിയ തട്ടിപ്പുകൾ ഇനിയും വെളിച്ചം കാണാനിരിക്കുന്നതേയുള്ളൂ. ബ്രഹ്മപുരത്തെ മാലിന്യം സ്വര്‍ണ്ണഖനിയാണെന്ന് തിരിച്ചറിഞ്ഞ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വമാണ് കൊച്ചി നഗരവാസികളെ ഇത്ര ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നഗരത്തിലെ മാലിന്യം കോടികളുടെ അഴിമതിക്കുള്ള വകയാണെന്ന് നഗരവാസികള്‍ പോലും ഇതുവരെ ചിന്തിച്ചിട്ടുണ്ടാകില്ല .
കൊച്ചി നഗരത്തിനു പുറത്ത് വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലുള്ള ബ്രഹ്മപുരം പ്ലാന്‍റ് യഥാര്‍ത്ഥത്തില്‍ ഒരു പ്ലാന്‍റായിരുന്നില്ല, മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഒരു സ്ഥലം മാത്രമായിരുന്നു ഇത്ര നാള്‍. സോണ്ട കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കരാറിലെ നിക്ഷിപ്ത താത്പര്യം മുതല്‍ ഏല്‍പ്പിച്ച ജോലി ചെയ്യാതെ പണം വാങ്ങാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ കമ്പനിക്കെതിരെയുണ്ട്. പക്ഷെ ഇതിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥാപനമുണ്ട്. കെഎസ്ഐഡിസി.
മാലിന്യ പ്ലാന്‍റ് കൊച്ചി നഗരസഭയുടേതാണെങ്കിലും സോണ്ടക്ക് കരാര്‍ നല്‍കിയത് കെഎസ്ഐഡിസിയാണ്. കരാര്‍ പ്രകാരം പണം നല്‍കേണ്ടത് കൊച്ചി കോര്‍പ്പറേഷനാണെങ്കിലും തീരുമാനങ്ങളെല്ലാം എടുത്തത് വ്യവസായ വകുപ്പാണ്. മാലിന്യ സംസ്കരണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കാനുള്ള മറ്റൊരു പദ്ധതിയും ഏല്‍പ്പിച്ചിരിക്കുന്നത് ഈ സോണ്ടയെ തന്നെ .
നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിയാണ് ഈ പദ്ധതി സോണ്ട ഇന്‍ഫ്രടെക്കിനെ ഏല്‍പ്പിച്ചത്. പദ്ധതി നടപ്പാക്കാന്‍ ബ്രഹ്മപുരത്തെ 20 ഏക്കര്‍ സ്ഥലം കെഎസ്ഐഡിസി ഈ കമ്പനിക്ക് പാട്ടത്തിന് നല്‍കി. ചുമ്മാ കൈവശാവകാശമല്ല, ഈ ഭൂമി പണയം വെക്കാന്‍ വരെയുള്ള അവകാശം വ്യവസായ വകുപ്പ് ഈ വിവാദ കമ്പനിക്ക് നല്‍കിയിട്ടുണ്ടത്ര. ഫലത്തില്‍ പുറത്തു വന്നതിനേക്കാള്‍ വലിയ തട്ടിപ്പുകഥകളാണ് പുകമായുമ്പോൾ തെളിഞ്ഞു കാണുന്നത്
വീണ്ടും മൂന്നാം മുന്നണി സ്വപ്നവുമായി മമത
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉരുത്തിരിഞ്ഞുവരുന്ന ചർച്ചയാണ് മൂന്നാംമുന്നണി. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. അടുത്തിടെ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയുമായി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ കൂടിക്കാഴ്ച മൂന്നാം മുന്നണി ഊഹാപോഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ബിജെപിയുമായും കോൺഗ്രസുമായും സമദൂര നയം തൃണമൂൽ ആഗ്രഹിക്കുന്നകിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്നാം മുന്നണിയിൽ കോൺഗ്രസിനെ ബോസായി അംഗീകരിക്കാൻ പ്രാദേശിക പാർട്ടികൾക്ക് മടിയാണെന്ന കാര്യം പരസ്യമാണ്. 2021, 2022 തെരഞ്ഞെടുപ്പുകളിലേത് പോലെ തൃണമൂലും എസ്പിയും വീണ്ടു കൈകോർക്കുമോ എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. മാർച്ച് 23 ന് മമതയുടെ ഒഡീഷ സന്ദർശനവും നവീൻ പട്‌നായിക്കുമായുള്ള കൂടിക്കാഴ്ചയും വളരെ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഈ കൂടിക്കാഴ്ചയിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണി സാധ്യതകൾ സജീവമായേക്കും.
കർണാടകയിൽ മോദി പ്രഭയിൽ രക്ഷപ്പെടുമോ ബിജെപി
ദക്ഷിണേന്ത്യയിൽ നിർണായകമാണ് ബിജെപിക്ക് ഇത്തവണത്തെ കർണാടക തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ കൈമെയ് മറന്ന് കളത്തിലാണ് ബിജെപി. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് അടിത്തട്ടിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ. നാല് വിഭാഗം വോട്ടർമാരാണ് ബിജെപിയുടെ ശക്തി. ഹിന്ദുത്വത്തിന് വേണ്ടി മാത്രം വോട്ട് ചെയ്യുന്നവർ, സ്ഥാനാർഥിയെ നോക്കി വോട്ട് ചെയ്യുന്നവർ, ജാതി നോക്കി വോട്ട് ചെയ്യുന്നവർ, നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് വോട്ട് ചെയ്യുന്നവർ. ഇതിൽ ചെറിയ മാറ്റങ്ങൾ സ്വാഭാവികമാണ്. സദർ ലിംഗായത്തുകളിൽ നിന്നുള്ള തിരിച്ചടി ഭയന്ന് കൈക്കൂലി കേസിൽ പ്രതിയായ എംഎൽഎ മാദാൽ വിരൂപാക്ഷപ്പയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ പാർട്ടി മടിച്ചതിൽ മോദി ആരാധകർ അതൃപ്തരായത് ഉദാഹരണമാണ്. മംഗളൂരുവിൽ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തെത്തുടർന്ന്, ഹിന്ദുത്വ വോട്ടർമാർ ഇക്കുറിയും ബിജെപിക്കൊപ്പം തന്നെയായിരിക്കും.
എന്നാൽ മോദിയുടെ നേതൃത്വത്തിൽ ഭാവി കാണുന്ന പുതുതലമുറ വോട്ടർമാരുടെ എണ്ണം കൂടുന്നതാണ് കൂടുതൽ ശക്തി എന്ന് ബിജെപി കരുതുന്നു. ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ മോദിക്ക് സാധിച്ചെന്ന് ഈ വിഭാഗം കരുതുന്നു. എന്നാൽ, മോദി ആരാധകരുടെ വോട്ട് നിയമസഭയിലേക്ക് എത്തിക്കുക എന്നതാണ് സംസ്ഥാന നേതൃത്വത്തിനുള്ള വെല്ലുവിളി. മോദിയുടെ ചിത്രം കണ്ട് ബിജെപിക്ക് വോട്ട് ചെയ്യുന്ന പുതിയ വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നോക്കാമെന്ന് പറഞ്ഞ് വീട്ടിൽ ഇരുന്നാൽ ബിജെപി വെള്ളംകുടിക്കുമെന്ന് സാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam