26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ കഴിഞ്ഞ ഡിസംബറിലാണ് എൻഐഎ ആദ്യകുറ്റപത്രം സമർപ്പിച്ചത്. 1597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കറെ തൊയ്ബയുടെയും അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടി(ടിആർഎഫ്)ന്റെയും അംഗങ്ങളായ ഏഴ് ഭീകരരായിരുന്നു പ്രതികൾ.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊടുംഭീകരനും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരേ യുദ്ധം ചെയ്തു, വിദേശത്തിരുന്ന് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പഹൽഗാം കേസിൽ എൻഐഎ അധിക കുറ്റപത്രം സമർപ്പിച്ചത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ കഴിഞ്ഞ ഡിസംബറിലാണ് എൻഐഎ ആദ്യകുറ്റപത്രം സമർപ്പിച്ചത്. 1597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കറെ തൊയ്ബയുടെയും അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടി(ടിആർഎഫ്)ന്റെയും അംഗങ്ങളായ ഏഴ് ഭീകരരായിരുന്നു പ്രതികൾ. ഇതിനുപിന്നാലെയാണ് ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെയും പ്രതിചേർത്ത് അന്വേഷണസംഘം ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഹാഫിസ് സയീദിനും പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ പറഞ്ഞിരുന്നു.


