തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ജനറൽ സെക്രട്ടറിയുടെ രാജി സ്വീകരിച്ചത്. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെങ്കിലും ചമ്പത് റായി സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം ട്രസ്റ്റിയായി തുടരുമെന്നാണ് വിവരം.
ന്യൂഡൽഹി: അയോധ്യ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പദവിയിൽനിന്നുള്ള ചമ്പത് റായിയുടെ രാജി സ്വീകരിച്ചു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ജനറൽ സെക്രട്ടറിയുടെ രാജി സ്വീകരിച്ചത്. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെങ്കിലും ചമ്പത് റായി സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം ട്രസ്റ്റിയായി തുടരുമെന്നാണ് വിവരം.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വൻ വിവാദമായതോടെയാണ് ചമ്പത് റായി ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗം ചമ്പത് റായിയുടെ രാജി അംഗീകരിക്കുകയായിരുന്നു.
ചമ്പത് റായിക്ക് പകരം വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി) അന്തർദേശീയ ജനറൽ സെക്രട്ടറി ബജ്റംഗ് ബാഗ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന. നാഷണൽ അലുമിനിയം കമ്പനിയുടെ മുൻ മേധാവിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ബാഗ്രയെ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയാക്കുന്നതോടെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താൻ കഴിയുമെന്നാണ് വിഎച്ച്പി നേതൃത്വം കരുതുന്നത്. അതേസമയം, പുതിയ ജനറൽ സെക്രട്ടറിയെ ഉടൻതന്നെ പ്രഖ്യാപിച്ചേക്കില്ലെന്നാണ് വിവരം. ഡൽഹിയിൽ ജൂലായ് 19,20 തീയതികളിലായി നടക്കുന്ന വിഎച്ച്പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാകും പുതിയ ചുമതലകൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.


