Asianet News MalayalamAsianet News Malayalam

ഈ കളി ഇന്ത്യ-പാക് മത്സരം പോലെന്ന് പറഞ്ഞിറങ്ങി, കോൺഗ്രസ് വിക്കറ്റെടുത്തു; ക്യാപ്റ്റനാകുമോ രാജസ്ഥാൻ യോഗി?

'രാജസ്ഥാനിലെ യോഗി' കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായ തിജാറയില്‍ ഇമ്രാന്‍ ഖാനെ വീഴ്ത്തിയാണ് ബാബ ബാലക്‌നാഥ്‌ തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.

is Alwar MP Mahant Balaknath emerges as top BJP candidate for CM s post ppp
Author
First Published Dec 4, 2023, 10:20 PM IST

ദില്ലി: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി ഒരു സന്യാസിയെത്തുന്നുവെന്ന വാർത്ത ആദ്യമായി കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. പക്ഷേ അധികാരമേറ്റതിന് പിന്നാലെ യോഗി ആദിത്യനാഥ്‌ താൻ ഒരു സന്യാസി മാത്രമല്ലെന്നും കറ തീർന്ന രാഷ്ട്രീയക്കാരനാണെന്നും തെളിയിച്ചു.  ഇപ്പോഴിതാ ഇന്ത്യൻ രാഷ്ട്രീയം മറ്റൊരു സന്യാസിയിലേക്ക് ഉറ്റുനോക്കുകയാണ്, മഹന്ത് ബാലക്‌നാഥ്‌. അശോക് ഗെഹ്‌ലോട്ടിന്റെ തുടർഭരണമെന്ന മോഹത്തിന്റെ ചിറകരിഞ്ഞുവീഴ്ത്തി ബിജെപി രാജസ്ഥാൻ തിരിച്ചുപിടിക്കുമ്പോൾ അവിടത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നുകേൾക്കുന്ന പേരാണത്, 'രാജസ്ഥാനിലെ യോഗി' കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായ തിജാറയില്‍ ഇമ്രാന്‍ ഖാനെ വീഴ്ത്തിയാണ് ബാബ ബാലക്‌നാഥ്‌ തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.

ബിജെപിയുടെ ആല്‍വാറില്‍നിന്നുള്ള ലോക്‌സഭാ എംപിയായിരുന്ന ബാലക്നാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തോടെ എല്ലാ കണ്ണുകളും ഇപ്പോൾ അദ്ദേഹത്തിലേക്ക് തന്നെയാണ്. താൻ രാജസ്ഥാന്റെ യോഗി ആദിത്യനാഥ് ആണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മഹന്ത് ബാലക്‌നാഥ്‌ ആരാണ്? 1984-ല്‍ ബെഹ്‌റോറിലെ കോഹ്‌റാന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിൽ ജനിച്ച ബാലക്നാഥിന്റെ പിതാവ് സന്യാസിവര്യനായ മഹന്ത് ഘേത്‌നാഥിന്റെ ശിഷ്യനായിരുന്നു. ആറ് വയസ് പ്രായമുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ ബാലക്നാഥിനെ ആത്മീയപാത സ്വീകരിക്കുന്നതിനായി  മഹന്ത് ഘേത്‌നാഥ് ആശ്രമത്തിലേക്ക് അയച്ചു. പിന്നീട് മഹന്ത് ചന്ദ്‌നാഥിന്റെ ശിഷ്യനായി അവിടെയായിരുന്നു അദ്ദേഹം വളർന്നത്. ഇതിനിടെ പ്ലസ് ടു വരെ വിദ്യാഭ്യാസയോഗ്യതയും അദ്ദേഹം സ്വന്തമാക്കി.

2016 ൽ ചന്ദ്‌നാഥിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ബാലക്‌നാഥ് റോഹ്താക്കിലെ മസ്ത്‌നാഥ് മഠത്തില്‍ നിന്നുള്ള എട്ടാമത്തെ മഹന്താണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഈ മഠത്തിന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്നുണ്ട്. ആത്മീയതയുടെ വഴിയിൽ പൂർണമായും ലയിച്ചിരുന്നു ബാലക്നാഥിൽ ഒരു രാഷ്ട്രീയപ്രവർത്തകനുണ്ടെന്ന് തിരിച്ചറിഞ്ഞതും അതിനെ പരിപോഷിപ്പിച്ചതും മഹന്ത് ചന്ദ്‌നാഥാണ്. ആളുകളോട് നന്നായി സംസാരിക്കാനും ഇടപെടാനുമുള്ള ബാലക്നാഥിന്റെ  കഴിവായിരുന്നു ഇത്തരമൊരു ചിന്തയിലേക്ക് മഹന്ത് ചന്ദ്‌നാഥിനെ എത്തിച്ചത്. അല്‍വാറിലെ മുന്‍ എംപി കൂടിയായിരുന്നു ചന്ദ്നാഥ്. അങ്ങനെ ബാലക്നാഥും ബിജെപി ആശയങ്ങളിൽ ആകൃഷ്ടനായി. പൊതുപ്രവർത്തനരംഗത്തേക്ക് കൂടുതൽ ഇറങ്ങിച്ചെന്നു. വൈകാതെ അദ്ദേഹം ബാബ മസ്ത്‌നാഥ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായി മാറി.
 
ബാബ രാംദേവുമായും യോഗി ആദ്യനാഥുമായും വളരെ അടുത്ത ബന്ധമാണ് ബാലക്നാഥിനുണ്ടായിരുന്നത്. ഇതും രാഷ്ട്രീയത്തിൽ മുതൽക്കൂട്ടായി. അങ്ങനെ 2019 ലോക്‌സഭാ ഇലക്ഷനില്‍ രാജസ്ഥാനിലെ അല്‍വാറില്‍ അദ്ദേഹം മത്സരിക്കാനിറങ്ങി. കന്നിയങ്കത്തിൽത്തന്നെ ബാലക്നാഥിനെ കാത്തിരുന്നത് മിന്നുന്ന ജയം. മൂന്ന് ലക്ഷത്തോളം വോട്ടുകളുടെ മാര്‍ജിനിലാണ് അന്നദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. വളരെ നന്നായി ആരോടും സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആളുകളോട് അടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവും ആത്മീയമായ പശ്ചാത്തലവുമൊക്കെക്കൂടി ചേർന്ന് രാജസ്ഥാനിലെ ഹിന്ദു ജനതയുടെമേൽ വളരെ വേഗം കാര്യമായ സ്വാധീനം ചെലുത്താൻ ബാലക്നാഥിനെ സഹായിച്ചു. 

ഈ ജനപിന്തുണ തന്നെയാണ് എംപിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹത്തെ തെരഞ്ഞെടുത്തതിനും പിന്നിൽ. കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ ഖാനെതിരായ മത്സരം ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം പോലെയാണെന്നാണ് ബാലക്‌നാഥ് പറഞ്ഞത്. ഹിന്ദു വോട്ടർമാരുടെ വോട്ടുകൾ തങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുക എന്ന ബിജെപി തന്ത്രം ബാലക്നാഥിലൂടെ അവർക്ക് കൂടുതൽ എളുപ്പമായിത്തീർന്നു എന്നുവേണം പറയാൻ. ബാലക് നാഥിനെതിരെ ബിജെപി ഉയർത്തിയ ആരോപണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് തിജാരയിൽ അദ്ദേഹം നേടിയ ജയം. രാജസ്ഥാന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ബാലക്നാഥ് എത്തുമോ എന്നതാണ് ഇനി കാണേണ്ടത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബാലക് നാഥിനൊപ്പമായാൽ  താൻ രാജസ്ഥാന്റെ യോഗിയാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കൂടുതൽ അന്വർത്ഥമാകും.  

'രാജസ്ഥാനിലെ സിപിഎം പരാജയത്തിന് കാരണം കോൺ​ഗ്രസ്'; ആരോപണവുമായി പിണറായി വിജയൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios