'ഭീകരാക്രമണമുണ്ടാകും'; മുംബൈ പൊലീസിന് പാക് നമ്പറിൽ നിന്ന് ഭീഷണി സന്ദേശം

By Web TeamFirst Published Aug 20, 2022, 11:05 AM IST
Highlights

മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം. 

മുംബൈ:  മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം. വെള്ളിയാഴ്ച രാത്രി മുംബൈ പൊലീസ് ട്രാഫിക് കണ്ട്രോൾ സെല്ലിനാണ് 26/11 ഭീകരാക്രമണത്തിനോ, ഉദയ്പൂർ കൊലപാതകത്തിനോ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിനോ സമാനമായ ആക്രമണം നടക്കുമെന്ന സന്ദേശം ലഭിച്ചത്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. 

ട്രാഫിക് കൺട്രോൾ സെല്ലിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അത് ഒരു പാക് നമ്പറിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായും ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ' എന്നെ കണ്ടെത്താൻ ശ്രമിച്ചാൽ, എന്റെ ലൊക്കേഷൻ ഇന്ത്യക്ക് പുറത്തായിരിക്കും, പക്ഷെ ആക്രമണം മുംബൈയിൽ നടക്കും, ഇന്ത്യയിൽ ആറ് പേർ ആക്രമണം നടത്തും'- എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു. 

Read more:  ദുരൂഹമായി നായ്ക്കളെ കെട്ടുന്ന 'തുടൽ'; ചിന്നക്കനാൽ മരണത്തിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്

ഭീഷണിയെ കുറിച്ച് സുരക്ഷാ സേന അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. രാത്രിയും കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സേനകളടക്കമുള്ള എല്ലാ ഏജൻസികളെയും വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം പലപ്പോഴും സംഭവിക്കുന്നതു പോലെ ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിച്ച് വരികയാണ്.  സംഭവം ഗൌരവത്തിൽ എടുക്കണമെന്ന് എൻസിപിയും ശിവസേനയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read more: സുഹൃത്ത് ചതിച്ചു, 11-കാരിയെ മൂന്നുപേർ കൂട്ടബലാത്സംഗം ചെയ്തു, രാത്രി മുഴുവൻ ക്രൂരത കണ്ടുനിന്ന് സുഹൃത്തായ യുവതി

2008 നവംബർ 26-ന് ആരംഭിച്ച ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരയാണ് 2008-ലെ മുംബൈ ആക്രമണം. അന്ന്  പാകിസ്ഥാൻ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ 10 അംഗങ്ങൾ നാല് ദിവസത്തിനിടെ മുംബൈയിൽ ഉടനീളം വെടിവയ്പ്പും ബോംബാക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തിൽ 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

click me!