
മുംബൈ: കിഴക്കൻ മുംബൈയിൽ നായയുടെ ഉടമ മനഃപൂർവം തുറന്നുവിട്ട പിറ്റ് ബുളിന്റെ കടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. മൻഖുർദ് ഏരിയയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വീഡിയോയിൽ, ഭയന്നുവിറച്ച കുട്ടി ഒരു ഓട്ടോറിക്ഷയുടെ ഉള്ളിൽ ഇരിക്കുന്നതും നായ അടുത്തായി ഇരിക്കുന്നതും കാണാം. നായയുടെ ഉടമ ഓട്ടോറിക്ഷയുടെ മുൻസീറ്റിൽ ഇരുന്ന് കുട്ടിയുടെ ഭയന്നുള്ള പ്രതികരണങ്ങൾ കണ്ട് ചിരിക്കുന്നുമുണ്ട്.
ഇയാൾ നായയെ ബെൽറ്റ് പിടിച്ചിരുന്നില്ല. കുട്ടി നിലവിളിക്കുകയും നായ അവന്റെ താടിക്ക് ചാടിക്കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പിറ്റ് ബുൾ കുട്ടിയുടെ വസ്ത്രങ്ങളിൽ കടിച്ചുപിടിക്കുന്നതും ദൃശ്യങ്ങളുണ്ട്. വാഹനം വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടിയുടെ പിന്നാലെ തൻ്റെ വളർത്തുനായ ഓടുന്നത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
‘നായ എന്നെ കടിച്ചു. ഞാൻ ഓടി രക്ഷപ്പെട്ടു. അത് എൻ്റെ വസ്ത്രങ്ങളിൽ കടിച്ചുപിടിച്ചു, താൻ നായയുടെ ഉടമയോട് സഹായിക്കാൻ അപേക്ഷിച്ചെങ്കിലും അയാൾ ചിരിക്കുകയായിരുന്നു' എന്നും ആക്രമണത്തിന് ഇരയായ ഹംസ എന്ന കുട്ടി പറയുന്നു. തന്നെ ആരും സഹായിക്കാൻ വന്നില്ലെന്നും നായയുടെ അവർ ആക്രമണം ചിത്രീകരിക്കുകയാണ് ചെയ്തതെന്നും വല്ലാതെ ഭയന്നുപോയെന്നും ഹംസ കൂട്ടിച്ചേർത്തു.
സംഭവത്തിൽ, കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ നായയുടെ ഉടമയായ മുഹമ്മദ് സുഹൈൽ ഹസനെതിരെ (43) പൊലീസ് കേസെടുത്തു. പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഉള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേർക്ക് ഹസൻ മനഃപൂർവം നായയെ തുറന്നുവിടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഭാരതീയ നിയമസംഹിതയിലെ വിവിധ വകുപ്പുകളിൽ കേസെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam