
പാട്ന: പാട്നയില്‍ കാണാതായ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥന്‍റ മൃതശരീരം കിണറില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് അഭിഷേക് വരുണ്‍ എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. പാട്നയിലെ രാമകൃഷ്ണ നഗറിലുള്ള ബന്ധുവീട്ടില്‍ ഒരു പരുപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടമാണ് അഭിഷേകിന്‍റെ മരണത്തിന് കാരണം എന്ന് പൊലീസ് അനുമാനിക്കുന്നു. അപകടം നടന്നതിന് ശേഷം ഇയാൾ ഭര്യയെ ഫോണ്‍ ചെയ്തിരുന്നു. താന്‍ ഒരപകടത്തില്‍ പെട്ടെന്ന് അഭിഷേക് ഭാര്യയോട് പറയുകയും ചെയ്തു. എന്നാല്‍ പെട്ടന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും തുടര്‍ന്ന് അഭിഷേകിനെ വിളിച്ചപ്പോൾ കിട്ടിയില്ലെന്നും ഭാര്യ പറയുന്നു.
തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഭിഷേകും ഭാര്യയും കുട്ടികളും ഒരുമിച്ചാണ് രാമകൃഷ്ണ നഗറിലെ ബന്ധുവീട്ടില്‍ ഞായറാഴ്ച എത്തിയത്. പിന്നീട് ഭാര്യയേയും മക്കളേയും ഇയാൾ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. താന്‍ പിന്നാലെ എത്തിക്കോളാം എന്ന് പറയുകയും ചെയ്തു. വീട്ടിലെത്തിയതിന് ശേഷം ഭാര്യ അഭിഷേകിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താന്‍ വീട്ടിലേക്ക് പുറപ്പെട്ടു എന്നായിരുന്നു അഭിഷേക് പറഞ്ഞത്. കുറച്ചു സമയത്തിന് ശേഷമാണ് താന്‍ അപകടത്തില്‍പെട്ടു എന്ന് പറഞ്ഞുകൊണ്ട് അഭിഷേക് ഭാര്യയെ വിളിച്ചത്. ബൈക്കിലായിരുന്നു അഭിഷേക് സഞ്ചരിച്ചിരുന്നത്.
അഭിഷേകിന്‍റെ മരണത്തില്‍ നിലവില്‍ അഭ്യൂഹങ്ങൾ ഒന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇതൊരപകട മരണമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികതകൾ കണ്ടെത്താന്‍ സാധിച്ചില്ല, എന്നിരുന്നാലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam