ടണ്‍ കണക്കിന് ഉള്ളി; 1200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്താന്‍ 'ആരും സഞ്ചരിക്കാത്ത വഴികളിലൂടെ' ഒരാള്‍

By Web TeamFirst Published Apr 26, 2020, 1:59 PM IST
Highlights

ലോക്ക്ഡൗണിന്‍റെ ആദ്യ 21 ദിവസം അയാള്‍ മുംബൈയില്‍ തന്നെ തുടര്‍ന്നു. പ്രധാനമന്ത്രി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എങ്ങനെയും വീട്ടിലെത്തണമെന്നായി ചിന്ത. ഇതിനായി പല വഴികളും ആലോചിച്ചു. 

മുംബൈ: ലോക്ക്ഡൗണ്‍ ആയതോടെ എങ്ങനെ മുംബൈയില്‍ നിന്ന് അലഹബാധിലെത്തും? ഒരു ട്രക്ക് ഉള്ളി വാങ്ങുക, വണ്ടി വിടുക! ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിപ്പോയ അലഹബാദ് സ്വദേശി പ്രേം മൂര്‍ത്തി പാണ്ഡെ ഇങ്ങനെയാണ് തന്‍റെ വീട്ടിലേക്കുള്ള വഴി കണ്ടെത്തിയത്. 

ലോക്ക്ഡൗണിന്‍റെ ആദ്യ 21 ദിവസം അയാള്‍ മുംബൈയില്‍ തന്നെ തുടര്‍ന്നു. പ്രധാനമന്ത്രി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എങ്ങനെയും വീട്ടിലെത്തണമെന്നായി ചിന്ത. ഇതിനായി പല വഴികളും ആലോചിച്ചു. എല്ലായിടത്തും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ ഒരു വഴി മാത്രം പൊലീസ് തുറക്കുന്നുണ്ട്. പച്ചക്കറികളും പഴങ്ങളുമായുള്ള വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെന്ന് അറിഞ്ഞതോടെ തണ്ണിമത്തന്‍ വാങ്ങാമെന്ന് അയാള്‍ പദ്ധതിയിട്ടു. 

1300 കിലോ തണ്ണിമത്തന്‍ എന്നായിരുന്നു ആദ്യ പദ്ധതി. ഏപ്രില്‍ 17ന് ഒരു ചെറിയ ട്രക്ക് വാടകയ്ക്കെടുത്തു. 10000 രൂപയ്ക്ക് തണ്ണിമത്തന്‍ വാങ്ങി. വാഹനം മുംബൈയിലേക്ക് തിരിച്ചയച്ചു. മുംബൈയിലെ ഒരു വ്യാപാരിയുമായി അയാള്‍ കച്ചവടം ഉറപ്പിച്ചിരുന്നു. പിന്നീട് ഉള്ളി ലഭിക്കുന്ന പിംപാല്‍ഗണ്‍ മാര്‍ക്കറ്റിനെക്കുറിച്ച് അറിഞ്ഞു. 

കിലോഗ്രാമിന് 9.10 രൂപയ്ക്ക് 25,520 കിലോ ഉള്ളി വാങ്ങി. ആകെ 2.32 ലക്ഷം രൂപ ഇതിനായി പാണ്ഡെ മുടക്കി. 77,500 രൂപയ്ക്ക് ഒരു ട്രക്ക് വാടകയ്ക്കെടുത്തു. ഏപ്രില്‍ 20 ന് 1200 കിലോമീറ്റര്‍ അകലെയുള്ള അലഹബാദിലേക്ക് യാത്ര ആരംഭിച്ചു. 

ഏപ്രില്‍ 23 ന് പാണ്ഡെയും ട്രക്കും അലഹബാദിലെത്തി. നേരെ മുന്‍ദേര മൊത്തക്കച്ചവട ചന്തയിലേക്ക് വച്ചുപിടിച്ചു. ആ ലോഡിന് പണം നല്‍കാന്‍ ആരെയും അവിടെ കണ്ടില്ല. ഇതോടെ ട്രക്ക് തന്‍റെ മുബാറക്പൂരിലെ ഗ്രാമത്തിലെത്തിച്ചു. ഉള്ളി അവിടെ ഇറക്കി. 

പാണ്ഡെ 24ന് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അയാള്‍ക്ക് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തി. ഇപ്പോള്‍ സ്വയം ക്വാറന്‍റൈനിലാണ് പാണ്ഡെ. ഉള്ളി വില്‍ക്കാന്‍ പറ്റിയ ആളുകളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇയാളിപ്പോള്‍. 

click me!