
ലക്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. എഎപിയുടെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്പിക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു.
ചൊവ്വാഴ്ച ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് മായാവതി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ സംഘടനശേഷി ശക്തമാക്കാൻ മായാവതി നേതാക്കൾക്ക് നിർദേശം നൽകി. കഠിനാധ്വാനവും ആത്മാർത്ഥതവും ഉള്ളവർ സ്ഥാനാർത്ഥികളാകണമെന്നും മായാവതി ഊന്നിപ്പറഞ്ഞു. അടുത്ത വർഷം ജനുവരി 15ന് തൻ്റെ ജന്മദിനം ജനക്ഷേമ ദിനമായി ആഘോഷിക്കാനും മായാവതി നേതാക്കൾക്ക് നിർദേശം നൽകി.
2022ൽ നടന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഉത്തർ പ്രദേശിൽ 403 സീറ്റുകളിൽ മത്സരിച്ച ബിഎസ്പിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 1984ൽ പാർട്ടി രൂപീകരിച്ച ശേഷം ബിഎസ്പി നേരിടുന്ന ഏറ്റവും കനത്ത തോൽവിയായിരുന്നു 2022ലേത്. ബിഎസ്പിക്ക് സംസ്ഥാനത്താകെ 12.88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 287 സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശും നഷ്ടമായി.
ഉത്തരാഖണ്ഡിൽ 54 സീറ്റുകളിൽ മത്സരിച്ച ബിഎസ്പിക്ക് രണ്ട് സീറ്റുകളിൽ വിജയം ഒതുങ്ങി. ആകെ 4.88 ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചത്. 49 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. പഞ്ചാബിൽ ശിരോമണി അകാലി ദളുമായി ബിഎസ്പി സഖ്യം രൂപീകരിച്ചിരുന്നു. 20 സീറ്റുകളിൽ മത്സരിച്ച ബിഎസ്പി ഒരു സീറ്റിലും 97 സീറ്റുകളിൽ മത്സരിച്ച ശിരോമണി അകാലി ദൾ മൂന്നു സീറ്റുകളിലുമാണ് വിജയിച്ചത്. 1.77 ശതമാനം വോട്ടാണ് ബിഎസ്പിയുടെ പെട്ടിയിൽ വീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam