തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി നൽകിയ ഹർജിയിൽ 20 വിമത ലോക്സഭാ എംപിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലോക്സഭാ സ്പീക്കറുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം.
ദില്ലി: തൃണമൂൽ കോൺഗ്രസിലെ വിമതരായ 20 ലോക്സഭാ എംപിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂൽ കോണ്‍ഗ്രസിന്‍റെ ജനറൽ സെക്രട്ടറിയും ലോക്സഭയിലെ തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി നൽകിയ റിട്ട് ഹർജിയിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മുന്നിലുള്ള അയോഗ്യതാ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് ബാനർജി കോടതിയെ സമീപിച്ചത്.
ഹർജിയിൽ ഒന്നാം എതിർകക്ഷിയായി ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് സുപ്രീം കോടതി പ്രത്യേകമായി നോട്ടീസ് അയച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‍മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. വാദം കേൾക്കലിനിടെ സ്പീക്കർക്കും നോട്ടീസ് അയക്കാൻ ബെഞ്ച് ആദ്യം തയ്യാറായെങ്കിലും സ്പീക്കർക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിൽ ഇടപെടുകയായിരുന്നു. സ്പീക്കർ ഇതിനകം തന്നെ അയോഗ്യതാ ഹർജികളിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും നോട്ടീസുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ഉത്തരവിറക്കുക എന്നതല്ല കോടതിയുടെ ലക്ഷ്യമെന്നും എന്നാൽ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും ഇതിനോട് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. കേവലം നോട്ടീസ് അയക്കുന്നതിലല്ല, മറിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയാനി ഘോഷ്, കാകോലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, അരൂപ് ചക്രവർത്തി, ദീപക് ദേവ് അധികാരി, യൂസഫ് പഠാൻ എന്നിവരുൾപ്പെടെയുള്ള 20 എംപിമാരെയാണ് അഭിഷേക് ബാനർജിയുടെ ഹർജിയിൽ എതിർ കക്ഷികളാക്കിയിരിക്കുന്നത്. തൃണമൂൽ ചിഹ്നത്തിൽ വിജയിച്ച ഈ നേതാക്കൾ പിന്നീട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടിയിലേക്ക് മാറുകയാണുണ്ടായത്. ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെടുകയും കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ ഇവർക്ക് സഭയിൽ പ്രത്യേക സീറ്റുകൾ അനുവദിക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ഇവരെ അയോഗ്യരാക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം.
