
പട്ന: വിദ്യാർഥികളും ബി.പി.എസ്.സി പരീക്ഷാർഥികളും ബിഹാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയത്. തുടർന്ന് വിദ്യാർഥികൾക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരെ പിരിച്ചുവിടാനായി ലാത്തിച്ചാർജും നടത്തി.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ(ബി.പി.എസ്.സി) പരീക്ഷയിൽ ക്രമക്കേട് ഉൾപ്പെടെ ആരോപിച്ചാണ് പട്നയിൽ വിദ്യാർഥികളും പരീക്ഷാർഥികളും സമരം ആരംഭിച്ചത്. ബി.പി.എസ്.സി. ടിആർഇ-4 പരീക്ഷ ഒറ്റപരീക്ഷയായി നടത്തുക, ബിഹാർ സ്റ്റാഫ് സിലക്ഷൻ കമ്മിറ്റിയുടെ അടക്കം പരീക്ഷകളിലും റിക്രൂട്ട്മെന്റ് നടപടികളിലും സുതാര്യത ഉറപ്പാക്കുക, ഹിന്ദി മീഡിയം പരീക്ഷാർഥികൾക്ക് അവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആഴ്ചകളായി തുടരുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സർക്കാർ ഉദ്യോഗസ്ഥർ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പോസിറ്റീവാണെന്നാണ് സമരക്കാർ അറിയിച്ചതെങ്കിലും ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തണമെന്നും മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഗാന്ധിമൈതാനത്തുനിന്ന് മുഖ്യമന്ത്രിയുടെ വസതയിലേക്ക് മാർച്ച് ആരംഭിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽവെച്ച് തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ സമരക്കാർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങാൻ ശ്രമിച്ചു. തുടർന്നാണ് സംഘർഷമുണ്ടായത്.
മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി തങ്ങൾക്ക് നേരിട്ട് ചർച്ച നടത്തണമെന്നാണ് വിദ്യാർഥിനേതാക്കളുടെ ആവശ്യം. എന്നാൽ, ഇതിനുപകരം ചില ഉദ്യോഗസ്ഥരെയാണ് സർക്കാർ ചർച്ച നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ സമരം അവസാനിപ്പിക്കുമെന്നും വിദ്യാർഥിനേതാക്കൾ അറിയിച്ചു.
അതിനിടെ, ബിഹാറിൽ വിദ്യാർഥിസമരം ശക്തമായിരിക്കെ വിദ്യാർഥികളുടെ പരാതികൾ കേൾക്കാനായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 'വിദ്യാർഥി സഹ്യോഗ് ശിവിർ' എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചു. എല്ലാമാസവും നാലാമത്തെ ചൊവ്വാഴ്ച ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ വിദ്യാർഥികൾക്ക് അവരുടെ പ്രശ്നങ്ങളും പരാതികളും അവതരിപ്പിക്കാനുള്ള വേദിയാണിത്. ഇതിനുപുറമേ പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയും 1100 എന്ന ഹെല്പ്ലൈൻ നമ്പറിലൂടെയും വിദ്യാർഥികൾക്ക് അവരുടെ പരാതികൾ അറിയിക്കാമെന്നും ഓരോ പരാതിയുടെയും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യമടക്കം ഇതിലുണ്ടാകുമെന്നും ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam