നീറ്റ് തട്ടിപ്പ്: കോളേജ് അധികൃതര്‍ക്കും പങ്കെന്ന് സംശയം, മൂന്ന് ഡീന്‍മാരെ ചോദ്യംചെയ്തു

By Web TeamFirst Published Oct 1, 2019, 1:20 PM IST
Highlights

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയടക്കം മൂന്ന് ഡീന്‍മാരെ സിബിസിഐഡി ചോദ്യം ചെയ്തു. മലയാളിയായ ഇടനിലക്കാരന്‍ റഷീദിനായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ കോളേജ് അധികൃതര്‍ക്കും പങ്കുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയടക്കം മൂന്ന് ഡീന്‍മാരെ സിബിസിഐഡി ചോദ്യം ചെയ്തു. ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർത്ഥി ഇർഫാന് അധികൃതരുടെ സഹായം ലഭിച്ചെന്ന സംശയത്തിലാണ് ഡീൻ ഡോ. ശ്രീനിവാസ റാവുവിനെ ചോദ്യം ചെയ്തത്. സേലം സ്വദേശി ഇര്‍ഫാനെ ഇന്നലെയാണ് തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.

ഇര്‍ഫാന്‍റെ അറസ്റ്റോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 പേരാണ് പിടിയിലായത്. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ മിക്കവരും പുതുച്ചേരിയില്‍ അംഗീകാരമില്ലാത്ത കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. മാര്‍ക്ക് ലിസ്റ്റില്‍ സംശയം പ്രകടിപ്പിച്ചതിന് ശേഷം ഇര്‍ഫാന്‍ കോളേജില്‍ എത്തിയിട്ടില്ലെന്നാണ് ഡോ. ശ്രീനിവാസ് റാവുവിന്‍റെ മൊഴി. കോളേജില്‍ എത്തി രേഖകള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ്, സിബിസിഐഡി , കോളേജ് ഡീന്‍ ഡോ ശ്രീനിവാസ് രാജ് റാവുവിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇര്‍ഫാനെ ബന്ധപ്പെട്ടപ്പോള്‍ മൗറീഷ്യസിലെ മെഡിക്കല്‍ കോളേജില്‍  അഡ്മിഷന്‍ എടുത്തുവെന്നാണ് അറിയിച്ചതെന്നും കോളേജ് ഡീന്‍ പൊലീസിനോട് വ്യക്തമാക്കി. 

എസ്ആര്‍എം മെഡിക്കല്‍ കോളേജിലെയും, ശ്രീബാലാജി മെഡിക്കല്‍ കോളേജ് ഡീന്‍മാരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആള്‍മാറാട്ടം നടത്തി പ്രവേശന പരീക്ഷ എഴുതിയത് കൂടാതെ മാര്‍ക്ക് ലിസ്റ്റിലും കൃത്രിമം കാട്ടിയാണ് വിദ്യാര്‍ഥികള്‍ എംബിബിഎസ് പ്രവേശനം നേടിയത്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിലും റാങ്ക് പട്ടികയിലും തിരുത്തല്‍ നടത്തി. പകരക്കാരനെ വച്ച് പരീക്ഷ എഴുതി നീറ്റില്‍ 270 നേടിയ ഇര്‍ഫാന്, മാര്‍ക്ക് ലിസ്റ്റ് 470 ആയി തിരുത്തിയാണ് ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.  ഇര്‍ഫാന്‍റെ പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 

മുംബൈയിലെ മുഖ്യസൂത്രധാരനുമായി മുഹമ്മദ് ഷാഫി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വെല്ലൂര്‍, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ക്ലിനിക്കുകള്‍ നടത്തിയിരുന്നെങ്കിലും  ഐഎംഎ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇയാള്‍ വ്യാജ ഡോക്ടര്‍ ആണോ എന്നും അന്വേഷണം സംഘം പരിശോധിക്കുകയാണ്. അതേസമയം ശനിയാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി രാഹുല്‍ പിതാവ് ഡേവിസ് എന്നിവരെ പന്ത്രണ്ട് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അതേസമയം മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മലയാളിയായ ഇടനിലക്കാരന്‍ റഷീദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി രാഹുല്‍ പിതാവ് ഡേവിസ് രണ്ട് ഇടനിലക്കാര്‍ എന്നിവരുള്‍പ്പടെ നാല് മലയാളികള്‍ ഇതുവരെ അറസ്റ്റിലായി. മുംബൈ ലക്നൗ, ബംഗ്ലൂരൂ, എന്നിവടങ്ങളില്‍ വന്‍ശ്രംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സംശയം.

Read Also: നീറ്റ് പരീക്ഷാതട്ടിപ്പിൽ അറസ്റ്റ് തുടരുന്നു;പിടിയിലായവരുടെ എണ്ണം പത്തായി

click me!