Asianet News MalayalamAsianet News Malayalam

നീറ്റ് പരീക്ഷാതട്ടിപ്പിൽ അറസ്റ്റ് തുടരുന്നു;പിടിയിലായവരുടെ എണ്ണം പത്തായി

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്.

Arrests continue on NEET scam, 10 arrested
Author
Chennai, First Published Sep 30, 2019, 9:16 PM IST

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ ഒരു വിദ്യാര്‍ത്ഥിയെ കൂടി തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയ സേലം സ്വദേശി ഇര്‍ഫാനാണ് അറസ്റ്റിലായത്. ഇതോടെ  മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ മിക്കവരും പുതുച്ചേരിയില്‍ അംഗീകാരമില്ലാത്ത കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്.

ഇര്‍ഫാന്‍റെ പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുംബൈയിലെ മുഖ്യസൂത്രധാരനുമായി മുഹമ്മദ് ഷാഫി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വെല്ലൂര്‍, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ക്ലിനിക്കുകള്‍ നടത്തിയിരുന്നെങ്കിലും  ഐഎംഎ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇയാള്‍ വ്യാജ ഡോക്ടര്‍ ആണോ എന്നും അന്വേഷണം സംഘം പരിശോധിക്കുകയാണ്.ശനിയാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി രാഹുല്‍ പിതാവ് ഡേവിസ് എന്നിവരെ പന്ത്രണ്ട് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Read More: ചെന്നൈ നീറ്റ് ആൾമാറാട്ടം: മുഖ്യസൂത്രധാരർ മലയാളികൾ, 2017 മുതലുള്ള ലിസ്റ്റ് പരിശോധനയ്ക്ക്

അതിനിടെ മലയാളിയായ ഇടനിലക്കാരന്‍ റഷീദിനായി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ പലരും പുതുച്ചേരിയിലെ സ്വകാര്യ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. കോളേജിന്‍റെ അഫിലിയേഷന്‍ നഷ്ടപ്പെട്ടതോടെയാണ് ഇവര്‍ പുതുച്ചേരിയിലെ പഠനം ഉപേക്ഷിച്ചത്. തമിഴ്നാട്ടിലെ നീറ്റ് പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മോക്ക് ടെസ്റ്റുകളിലെ മാര്‍ക്കുകള്‍ പരിശോധിക്കുകയാണ്. ലക്നൗ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വന്‍ശൃംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ തേടിയിരിക്കുകയാണ് സിബിസിഐഡി ഉദ്യോഗസ്ഥര്‍.

Read More: ചെന്നൈയിലെ 'നീറ്റ്' ആൾമാറാട്ടം: അറസ്റ്റിലായവരിൽ മലയാളി വിദ്യാർത്ഥിയും അച്ഛനും

തമിഴ്നാട്ടിലെ നീറ്റ് പ്രവേശന പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായവരില്‍ ഇത് വരെ നാല് മലയാളികളാണ് അറസ്റ്റിലായത്. ആള്‍മാറാട്ടത്തിന് ഇരുപത് ലക്ഷം രൂപ നല്‍കിയെന്ന് തൃശ്ശൂര്‍ സ്വദേശി രാഹുല്‍ കഴിഞ്ഞ ദിവസം പൊലീസിന് മാെഴി നല്‍കിയിരുന്നു. എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. പകരക്കാരനെ വച്ച് പ്രവേശന പരീക്ഷ എഴുതാന്‍ ഇരുപത് ലക്ഷം രൂപ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫിന്, പിതാവ് ഡേവിസ് കൈമാറിയെന്നാണ് രാഹുല്‍ നൽകിയ മൊഴി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് ജോസഫ് മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 

Read More: നീറ്റ് പരീക്ഷയെ സംശയനിഴലിലാക്കി ആള്‍മാറാട്ടം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പ്രവേശനം നേടിയത്

ബെംഗളൂരുവിലെ ഇടനിലക്കാരന്‍ റാഫി, ലകനൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരെയും ചോദ്യം ചെയ്യുകയാണ്. അതേസമയം വിദ്യാര്‍ത്ഥികളുടെ ആള്‍മാറാട്ടം സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയ തേനി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.രാജേന്ദ്രന്‍ ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി നല്‍കി. 

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടിക്കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. രക്ഷിതാവിനെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അന്തര്‍സംസ്ഥാന തട്ടിപ്പിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്ന് തുടങ്ങിയത്. 


 

Follow Us:
Download App:
  • android
  • ios