ജയിലിൽ കരച്ചിൽ, തൊട്ടടുത്ത പുരുഷ ജയിലിലുള്ള കാമുകനെ കാണണമെന്ന് ആവശ്യം; ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ

Published : Jul 20, 2026, 02:14 PM IST
meerut snakebite murder

Synopsis

ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്.

ലഖ്നൗ: ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ കാമുകനെ കാണണമെന്ന് ആവശ്യം. മീററ്റ് സ്വദേശിയായ അതുൽ പവാറി(32)നെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഭാര്യ ദാമിനി പവാർ(30) ആണ് തൊട്ടടുത്ത പുരുഷന്മാരുടെ ജയിലിൽ കഴിയുന്ന കാമുകൻ തുഷാർ കുമാറിനെ കാണാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ജയിലിലെത്തിയ ആദ്യദിവസം മുഴുവൻ ദാമിനി പവാർ കരയുകയായിരുന്നുവെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജയിലിൽ എത്തിച്ചത് മുതൽ ദാമിനി പവാർ കരയുകയായിരുന്നു. സഹതടവുകാരോട് അല്പനേരം മാത്രമാണ് സംസാരിച്ചത്. കുടുംബത്തെയും മക്കളെയും ആലോചിച്ച് പലതവണ വിങ്ങിപ്പൊട്ടി. ഇതിനിടൊണ് കാമുകനെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ജയിൽ നിയമത്തിന് വിരുദ്ധമായതിനാൽ ഈ ആവശ്യം അം​ഗീകരിച്ചില്ലെന്നും ജയിൽ അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്. അതിനിടെ, മീററ്റിലെ കുപ്രസിദ്ധമായ നീലവീപ്പ കൊലക്കേസിലെ പ്രതി മസ്കൻ റാസ്ത്തോ​ഗിയും ദാമിനി പവാറും മീററ്റ് ജയിലിൽ ഒരേഭാ​ഗത്താണ് കഴിയുകയെന്നാണ് സൂചന.

കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ…

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അതുലിനെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റപ്പോൾ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. ഈ സമയം കട്ടിലിൽ ഒരു പാമ്പിനെയും കണ്ടെന്നും ഭാര്യ പറഞ്ഞിരുന്നു. പാമ്പിനെ കണ്ട് ഭാര്യ നിലവിളിച്ചു. ഇതോടെ അയൽക്കാർ ഓടിയെത്തി. അതുലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാമ്പിനെ പിന്നീട് അടിച്ചുകൊല്ലുകയുംചെയ്തു.

അതുലിന്റെ വലതുകാലിലാണ് പാമ്പിന്റെ കടിയേറ്റിരുന്നത്. ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. അതേസമയം, മരണത്തിൽ സംശയമുണ്ടെന്ന് അതുലിന്റെ കുടുംബം പൊലീസിനെ അറിയിച്ചു. ദാമിനിയുടെ മൊഴി വിശ്വസനീയമല്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെയാണ് പൊലീസ് ദാമിനിയെ വിശദമായി ചോദ്യംചെയ്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ ദാമിനി കുറ്റം സമ്മതിക്കുകയായിരുന്നു.

ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് കൈക്കലാക്കി കാമുകനായ തുഷാറിനൊപ്പം ജീവിക്കാനാണ് തങ്ങൾ കൊലപാതകം ആസൂത്രണംചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. ഭർത്താവിന് രാത്രി പാലിൽ ഉറക്ക​ഗുളിക കലർത്തി നൽകിയിരുന്നു. ഭർത്താവ് മയക്കത്തിലായതോടെയാണ് നേരത്തേ കൊണ്ടുവന്നിരുന്ന പാമ്പിനെ പുതപ്പിനുള്ളിലേക്ക് കടത്തിവിട്ടത്. ഈ സമയം താൻ കുഞ്ഞുമായി മുറിക്ക് പുറത്തിറങ്ങിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ദാമിനിയും കൊല്ലപ്പെട്ട അതുലും ഏഴുവർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ്. മൂന്നുമാസം മുൻപാണ് അതുൽ ഒരു പ്ലേസ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ വാഹനത്തിന്റെ ഡ്രൈവറാണ് തുഷാർ. തുടർന്നാണ് ദാമിനിയും തുഷാറും അടുപ്പത്തിലായതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് ദാമിനിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് തുഷാറുമായുള്ള അടുപ്പം വ്യക്തമായത്. ദാമിനിയുടെ ഫോണിൽനിന്ന് തുഷാറിന്റെ നമ്പറിലേക്ക് തുടർച്ചയായ കോളുകൾ പോയത് സംശയത്തിനിടയാക്കി. പിന്നാലെ തുഷാറിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ഇയാളുടെ ഫോണിൽ പാമ്പിന്റെ ഫോട്ടോകളും കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തത്.

ദാമിനിയുടെ പ്രേരണയിൽ തുഷാറാണ് പാമ്പിനെ ഉപയോ​ഗിച്ചുള്ള കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തുഷാറാണ് പാമ്പാട്ടികളിൽനിന്ന് പാമ്പിനെ വാങ്ങിയത്. അതുലിന്റെ പേരിലുള്ള ഇൻഷുറൻസ് തുക കൈക്കലാക്കിയശേഷം ദാമിനിക്കും തുഷാറിനും ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി. ഇതിന് മുൻപായി തുഷാർ ഭാര്യയിൽനിന്ന് വിവാഹമോചനം നേടാനും പദ്ധതിയിട്ടിരുന്നു.

അതുൽ പവാറിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളായ ദാമിനി പവാർ, തുഷാർ കുമാർ എന്നിവർക്ക് പുറമേ ഇവർക്ക് പാമ്പിനെ നൽകിയ പാമ്പാട്ടികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, അതുലിനെ കൊലപ്പെടുത്താൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതുലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി. സംഭവം അപകടമരണമെന്ന് വരുത്തിതീർക്കാമെന്നും കരുതി. എന്നാൽ, ഇത് പരാജയപ്പെട്ടതോടെയാണ് പാമ്പിനെ ഉപയോ​ഗിച്ചുള്ള കൊലപാതകം പ്രതികൾ ആസൂത്രണംചെയ്തതെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ത്രിപുര ഡിജിപി പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി
മെട്രോ അടച്ചു, പാർലമെന്റിന് സമീപത്തേക്ക് സമരക്കാർ, ദില്ലിയിൽ സമരം കത്തുന്നു, അമിത് ഷായെ കണ്ട് ധർമ്മേന്ദ്ര പ്രധാൻ