അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.
ദില്ലി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.
ഓഗസ്റ്റ് നാലിന് തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കിയത്. സുരക്ഷയാണ് എയർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മുൻഗണന വ്യക്തമാക്കിയാണ് നടപടി. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയ എഎഐബി പൈലറ്റിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിസിഎയോട് ശുപാർശ ചെയ്തിരുന്നു. ലഹരി പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
വിമാനം 36,000 അടി ഉയരത്തിൽ സഞ്ചരിക്കവേ 4 സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരുമിച്ച് പ്രവർത്തനരഹിതമായെന്നും, ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം നിലച്ച് വിമാനം 300 അടിയോളം താഴേക്ക് പതിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തൽ. ഇതെങ്ങനെ സംഭവിച്ചു എന്നതിലും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും എഎഐബി വ്യക്തമാക്കി. വിമാന അപകട അന്വേഷണവുമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

