വെള്ളിയാഴ്ച രാവിലെയാണ് അതുലിനെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റപ്പോൾ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. ഈ സമയം കട്ടിലിൽ ഒരു പാമ്പിനെയും കണ്ടു. പാമ്പിനെ കണ്ട് ഭാര്യ നിലവിളിച്ചു. ഇതോടെ അയൽക്കാർ ഓടിയെത്തി.
മീററ്റ്(ഉത്തർപ്രദേശ്): യുവാവ് പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും കാമുകനെയും രണ്ട് പാമ്പാട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
മീററ്റിലെ ഹസ്തിനാപുർ സ്വദേശി അതുൽ പവാറി(32)ന്റെ മരണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് ചുരുളഴിച്ചത്. അന്വേഷണത്തിനൊടുവിൽ അതുലിന്റെ ഭാര്യ ദാമിനി പവാർ(30) കാമുകനായ തുഷാർ കുമാർ എന്നിവരെ പൊലീസ് പിടികൂടി. ഇവർക്ക് പാമ്പിനെ നൽകിയതിനാണ് പാമ്പാട്ടികളായ സോനുകുമാർ, ഉദയ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് അതുലിനെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റപ്പോൾ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. ഈ സമയം കട്ടിലിൽ ഒരു പാമ്പിനെയും കണ്ടു. പാമ്പിനെ കണ്ട് ഭാര്യ നിലവിളിച്ചു. ഇതോടെ അയൽക്കാർ ഓടിയെത്തി. അതുലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാമ്പിനെ പിന്നീട് അടിച്ചുകൊല്ലുകയുംചെയ്തു.
അതുലിന്റെ വലതുകാലിലാണ് പാമ്പിന്റെ കടിയേറ്റിരുന്നത്. ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. അതേസമയം, മരണത്തിൽ സംശയമുണ്ടെന്ന് അതുലിന്റെ കുടുംബം പൊലീസിനെ അറിയിച്ചു. ദാമിനിയുടെ മൊഴി വിശ്വസനീയമല്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെയാണ് പൊലീസ് ദാമിനിയെ വിശദമായി ചോദ്യംചെയ്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ ദാമിനി കുറ്റം സമ്മതിക്കുകയായിരുന്നു.
ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് കൈക്കലാക്കി കാമുകനായ തുഷാറിനൊപ്പം ജീവിക്കാനാണ് തങ്ങൾ കൊലപാതകം ആസൂത്രണംചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. ഭർത്താവിന് രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നു. ഭർത്താവ് മയക്കത്തിലായതോടെയാണ് നേരത്തേ കൊണ്ടുവന്നിരുന്ന പാമ്പിനെ പുതപ്പിനുള്ളിലേക്ക് കടത്തിവിട്ടത്. ഈ സമയം താൻ കുഞ്ഞുമായി മുറിക്ക് പുറത്തിറങ്ങിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ദാമിനിയും കൊല്ലപ്പെട്ട അതുലും ഏഴുവർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ്. മൂന്നുമാസം മുൻപാണ് അതുൽ ഒരു പ്ലേസ്കൂൾ ആരംഭിച്ചത്. ഈ സ്കൂളിലെ വാഹനത്തിന്റെ ഡ്രൈവറാണ് തുഷാർ. തുടർന്നാണ് ദാമിനിയും തുഷാറും അടുപ്പത്തിലായതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ദാമിനിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് തുഷാറുമായുള്ള അടുപ്പം വ്യക്തമായത്. ദാമിനിയുടെ ഫോണിൽനിന്ന് തുഷാറിന്റെ നമ്പറിലേക്ക് തുടർച്ചയായ കോളുകൾ പോയത് സംശയത്തിനിടയാക്കി. പിന്നാലെ തുഷാറിന്റെ മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ഇയാളുടെ ഫോണിൽ പാമ്പിന്റെ ഫോട്ടോകളും കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തത്.
ദാമിനിയുടെ പ്രേരണയിൽ തുഷാറാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തുഷാറാണ് പാമ്പാട്ടികളിൽനിന്ന് പാമ്പിനെ വാങ്ങിയത്. അതുലിന്റെ പേരിലുള്ള ഇൻഷുറൻസ് തുക കൈക്കലാക്കിയശേഷം ദാമിനിക്കും തുഷാറിനും ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി. ഇതിന് മുൻപായി തുഷാർ ഭാര്യയിൽനിന്ന് വിവാഹമോചനം നേടാനും പദ്ധതിയിട്ടിരുന്നു.


