അമിത്ഷായുടെ സന്ദർശനത്തിനിടെ വീട്ടുതടങ്കലിലാക്കി, ആരോപണവുമായി മെഹബുബാ മുഫ്തി; നിഷേധിച്ച് പൊലീസ്

By Web TeamFirst Published Oct 5, 2022, 12:47 PM IST
Highlights

ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തുടരുകയാണ്. ഇതിനിടെയാണ് തന്നെ നിയന്ത്രണങ്ങളിലാക്കിയെന്ന ആരോപണവുമായി പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രം​ഗത്തെത്തിയത്. 

ശ്രീന​ഗർ:  അമിത് ഷായുടെ സന്ദർശനത്തിനിടെ താൻ വീട്ടുതടങ്കലിലാണെന്ന് ആരോപണവുമായി മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹുബുബാ മുഫ്തി. എന്നാൽ ആരോപണം ശ്രീന​ഗർ പൊലീസ് നിഷേധിച്ചു. യാതൊരു നിയന്ത്രണവും മുഫ്തിക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗർ പൊലീസ് വിശദീകരണം നൽകി. ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തുടരുകയാണ്. ഇതിനിടെയാണ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രം​ഗത്തെത്തിയത്.  ​ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു എന്ന് കാണിക്കുന്ന ഒരു ഫോട്ടോയും മുഫ്തി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.  എന്നാൽ ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ശ്രീന​ഗർ പൊലീസ് ഇക്കാര്യം നിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. 

അമിത് ഷായുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല യോ​ഗം തുടരുകയാണ്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനാണ് ഉന്നത തല യോ​ഗം തുടരുന്നത്. രാവിലെ നടന്ന ഏറ്റുമുട്ടലിൽ ഷോപ്പിയാനിൽ നാല് ഭീകരരെ വധിക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്തുണ്ടായ ഏറ്റമുട്ടലിലാണ് 4 ഭീകരരെ വധിച്ചത്. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഒരു ഭികരനെ വധിച്ചത് മുലുവിലാണെന്നും ജമ്മു കശ്മീർ‌ പൊലീസ് വ്യക്തമാക്കുന്നു. ഷോപ്പിയാൻ കേന്ദ്രീകരിച്ചും ജമ്മു കശ്മീർ കേന്ദ്രീകരിച്ചും സാധാരണക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയും ജമ്മു കശ്മീര്‌‍ പൊലീസ് അം​ഗങ്ങൾക്ക് നേരെയും ആക്രമണം നടത്തിയ ഭീകരരാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സുരക്ഷാ സൈന്യം സ്ഥീരികരിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പ് തന്ത്രമോ? കശ്മീരിലെ പഹാഡി വിഭാ​ഗത്തിന് പട്ടികജാതി സംവരണം, നിർണായക പ്രഖ്യാപനവുമായി അമിത് ഷാ
ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ , 4 ഭീകരരെ വധിച്ചു
 

click me!