
ദില്ലി: രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2026-ന്റെ ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ (ജനുവരി 1 മുതൽ മാർച്ച് 15 വരെ) ഇന്ത്യയിലുടനീളം 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 140 മരണങ്ങളാണ്. പാർലമെന്റിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 കസ്റ്റഡി മരണങ്ങളാണ് ബീഹാറിൽ നടന്നത്. തൊട്ടുപിന്നാലെ രാജസ്ഥാൻ (18), ഉത്തർപ്രദേശ് (15) എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട് (7), തെലങ്കാന (5) എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽ ഇതേ കാലയളവിൽ മൂന്ന് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ വർദ്ധനവ് ഗൗരവകരമായ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. 2021-22 കാലയളവിൽ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞുവരികയായിരുന്നു (2022-23ൽ 163, 2023-24ൽ 157). എന്നാൽ ഈ വർഷത്തെ തുടക്കത്തിൽ തന്നെ കണക്കുകൾ ഉയരുന്നത് പൊലീസിന്റെയും ജയിൽ അധികൃതരുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകളിലേക്കും നിയമവിരുദ്ധമായ പീഡനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (NHRC) സംസ്ഥാന പോലീസിന്റെയും വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam