കർണാടകയിലെ ബീദറിൽ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. കൊലപാതകം അപകടമരണമാക്കി തീർക്കാൻ ശ്രമിച്ച മുൻ സൈനികനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.
ബെംഗളൂരു: കർണാടകയിലെ ബീദറിൽ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തി. വീട്ടിലേക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഒരു വനം പ്രദേശത്തെ എത്തിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി ബീദർ സ്വദേശി ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരിയായ ഹൊന്നിക്കേരി സ്വദേശി സഞ്ജന കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ ഭർത്താവ് ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുപോയ സഞ്ജനയെ ഇയാൾ അത്രിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബീദർ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ ഇടത്ത് എത്തിച്ചാണ് ഭഗവത് ഭാര്യയെ ആക്രമിച്ചത്.
ഭർത്താവ് അയൽവക്കക്കാരിയായ യുവതിയുമായി ബന്ധം പുലർത്തുന്നത് സഞ്ജന ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വഴക്കായി. പിന്നീട് ഭാര്യയുമായി അനുനയത്തിലെത്തിയ ഭഗവത്, സഞ്ജനയുടെ വീട്ടിൽ പോയി നിൽക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു. വഴിമധ്യേ വനം പ്രദേശത്ത് കാർ നിർത്തി ഇരുന്പ് വടി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഭാര്യ അപകടത്തിൽപ്പെട്ടെന്ന് ചിത്രീകരിച്ച് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന സഞ്ജന ആശുപത്രിയിലെത്തിയപാടെ മരിക്കുകയായിരുന്നു. പരിശോധനയിൽ അപകടമല്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും ധന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന ഭഗവത്, രണ്ട് വർഷം മുന്പാണ് സഞ്ജനയെ വിവാഹം കഴിച്ചത്.


