പുനെയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകം പ്രതികൾ ആസൂത്രണം ചെയ്തത് ഇന്റർനെറ്റ് സഹായത്തോടെയെന്ന് പൊലീസ് കണ്ടെത്തി. കൊലപാതക രീതികൾ, പിടിക്കപ്പെടാതിരിക്കാനുള്ള വഴികൾ എന്നിവ പ്രതിയായ സിയ ഗൂഗിൾ, ചാറ്റ് ജിപിടി, ഡാർക്ക് വെബ് എന്നിവയിൽ തിരഞ്ഞതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.  

മുംബൈ: പുനെയിലെ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്താൻ പ്രതികൾ ആസൂത്രണം നടത്തിയത് ഇന്റർനെറ്റിലൂടെയെന്ന് പൊലീസ് കണ്ടത്തൽ. ഫൊറൻസിക് പരിശോധനയ്ക്കായി അയച്ച പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് മുൻപ് സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടത്തി. പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം, മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സൂക്ഷിക്കാം പൂനയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പിടിയിലായ പ്രതി സിയയുടെ ഫോണിലെ സേർച്ച് ഹിസ്റ്ററിയാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാറ്റ് ജിപിടിയിലും, ഗൂഗിളിലും, യൂട്യൂബിലും എന്തിനേറെ ഡാർക്ക് വെബിലും സിയ കഴിഞ്ഞ ആറുമാസത്തിലേറെയായി തിരഞ്ഞിരുന്നത് ഈ കാര്യങ്ങൾ മാത്രം. ഒപ്പം സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ ഫൊറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് സിയയും ചേതനും കൊലപാതകം നടത്തിയതെന്നതിൻ്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചത്.

കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോൺ ചെയ്‌തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രതികളായ സിയയും ചേതനും കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച ആഡംബര കാറും, കേതൻ വിവാഹനിശ്ചയ വേളയിൽ സിയയ്ക്ക് സമ്മാനിച്ച വിലകൂടിയ വജ്രാഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജൂലൈ 3 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ കോടതിയിൽ സിയയ്ക്ക് വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായത് ആശയക്കുഴപ്പത്തിന് ഇടയാക്കി. അഭിഭാഷകരായ ആശുതോഷ് ശ്രീവാസ്തവയും, വിപുൽ ദുഷിംഗുമാണ് വക്കാലത്തുമായി ഹാജരായത്. സിയയെ പ്രതിനിധീകരിക്കുന്നതിനായി തന്നെ ഏൽപ്പിച്ചിരുന്നു എന്നായിരുന്നു ആശുതോഷ് ശ്രീവാസ്തവയുടെ കോടതിയിലെ അവകാശ വാദം.

സിയ വക്കാലത്ത് ഒപ്പിട്ട് തന്നിട്ടാണ് താൻ കോടതിയിൽ എത്തിയതന്നും ഇയാൾ പറഞ്ഞു. എന്നാൽ അഭിഭാഷകൻ വിപുൽ ദുഷിംഗ് ആണ് തൻ്റെ വക്കീൽ അല്ലാതെ ശ്രീവാസ്തവ അല്ലെന്ന് സിയ കോടതിയെ അറിയിക്കുകയായിരുന്നു. ദുഷിംഗിനെ ഔദ്യോഗികമായി നിയമിച്ചിട്ടുണ്ടെന്ന് സിയയുടെ കുടുംബവും ആവർത്തിച്ചു. പിന്നാലെ വഞ്ചനയിലൂടെ ചില നിയമപരമായ രേഖകളിൽ സിയയെ ഒപ്പിടിയിക്കാൻ ആശുതോഷ് ശ്രീവാസ്തവ ശ്രമിച്ചിരുന്നുവെന്ന് സഹോദരൻ സാഹിൽ മാധ്യമങ്ങളോട് പറഞ്ഞതിനെതിരെ ശ്രീവാസ്തവ രംഗത്ത് എത്തി. തനിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ നടത്തിയെന്ന് ആരോപിച്ച് സാഹിലിനെതിരെ ഇയാൾ മാനനഷ്ടത്തിന് കേസും ഫയൽ ചെയ്തിട്ടുണ്ട്.