
ദില്ലി: ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ രണ്ട് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. മിഖായേൽ ഷർഗിൻ നടത്തിയ ഹാക്കിങ് വഴി 820 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയെന്ന് സിബിഐ കണ്ടെത്തി. ഈ വിദ്യാർത്ഥികൾക്ക് വേണ്ടി ഏജന്റുമാർ മറ്റൊരിടത്ത് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നാണ് കണ്ടെത്തൽ.
ഇന്ന് കസാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ മിഖായേൽ ഷർഗിനെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ജെ ഇ ഇ പരീക്ഷയുടെ സോഫ്‌റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. ഇത് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ വിദേശ ബന്ധം തെളിഞ്ഞത്.
ജെ ഇ ഇ പരീക്ഷയ്ക്കായി ടാറ്റ കൺസൾട്ടൻസി സർവീസസ് നിർമിച്ച സോഫ്‌റ്റ്‌വെയറായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. 2021 സെപ്റ്റംബറിലാണ് സ്വകാര്യ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ റഷ്യൻ പൗരനായ മിഖായേൽ ഷർഗിന്റെ പങ്ക് വ്യക്തമായതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് ശേഷം ദില്ലി തലസ്ഥാന പരിധി, പുണെ, ജംഷഡ്‌പുർ, ഇൻഡോർ, ബെംഗളൂരു എന്നിവിടങ്ങളിലെ 19 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 ലാപ്‌ടോപ്പുകൾ, ഏഴ് കംപ്യൂട്ടറുകൾ, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, മാർക്ക് ഷീറ്റുകൾ തുടങ്ങിയവയും ഹാക്കിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam