
കാസർകോട്: രാത്രി ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷണത്തിന് ഇറങ്ങുന്നതാണ് സാറേ.. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് പിടികൂടിയ കുട്ടിക്കള്ളൻ പൊലീസിനോട് പറഞ്ഞ കാര്യമാണിത്. നീലേശ്വരം ടൗണിൽ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ കുട്ടിക്കള്ളനെ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. കല്ലുരാവി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. പിടിയിലായ പയ്യൻ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെങ്കിലും മോഷണമാണ് ലഹരി. മോഷണം നടത്തി മംഗളുരുവിലേക്ക് പോയി അടിച്ചു പൊളിക്കുകയാണ് രീതി.
പതിനേഴുകാരന്റെ വീട്ടിൽ മാതാവും സഹോദരങ്ങളുമാണ് ഉള്ളത്. രാത്രികാലങ്ങളിൽ മാതാവ് മകനെ ശ്രദ്ധിക്കും. മാതാവ് ബന്ധുക്കളുടെ വീട്ടിൽ പോകുന്ന തക്കത്തിനാണ് 17 കാരൻ മോഷണത്തിന് ഇറങ്ങുന്നത്. വീട്ടിൽ പണം കൊടുത്താൽ മാതാവിന്റെ ചോദ്യം വരും എന്നതുകൊണ്ട് തന്നെ പണം മുഴുവൻ ഉപയോഗിച്ച് അടിച്ചുപൊളിക്കും. മോഷണം നടത്തി തിരിച്ചു വരുന്നത് വരെയുള്ള എല്ലാ പ്ലാനുകളും കുട്ടിക്കള്ളൻ ചെയ്യും. മാതാവ് തിരിച്ചു വരുമ്പോഴേക്കും 17 കാരൻ വീട്ടിൽ ഉണ്ടാകും. സംശയം തോന്നാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
നീലേശ്വരം കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷന്‍സ്, അപ്സര ഫാന്‍സി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറി സ്റ്റാള്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പില്‍ രവിയുടെ പച്ചക്കറികട തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉടന്‍ നീലേശ്വരം പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലതെത്തിയ നീലേശ്വരം എസ് ഐ കെ വി പ്രകാശനും സംഘവും നടത്തിയ തിരച്ചിലിലാണ് നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടിയത്. ശ്രീലക്ഷ്മിയില്‍ നിന്ന് 5000 രൂപ വിലവരുന്ന വാച്ച്, തുണിത്തരങ്ങള്‍, മേശവലിപ്പിലുണ്ടായിരുന്ന പണം, പച്ചക്കറി കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്. അപ്സര ഫാന്‍സിയുടെ പൂട്ട് പൊളിച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ഉണ്ടായിരുന്നതിനാല്‍ അകത്ത് കടക്കാനായില്ല. എസ്ഐക്ക് പുറമെ സീനിയർ സിവിൽ പൊലിസ് ഓഫിസർ ടി പി ഷഫീഖ്, ടി പി ദിലീഷ് കുമാർ പള്ളിക്കൈ, ഡ്രൈവർ കെ സുമേഷ് എന്നിവരും ഉണ്ടായിരുന്നു.