ഗോവ ബീച്ചിൽ വിദേശ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

Published : Nov 07, 2025, 04:45 PM IST
Foreign tourists harassed in Goa

Synopsis

ഗോവയിലെ അരംബോൾ ബീച്ചിലെത്തിയ വിദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇതോടെ ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

അരംബോൾ: ​പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ​ഗോവയിലെത്തിയ വി​ദേശ വനിതകൾക്ക് നേരെ അതിക്രമം. അരംബോൾ ബീച്ചിലെത്തിയ രണ്ട് വിദേശ വനിതാ ടൂറിസ്റ്റുകളെ ഒരു കൂട്ടം പുരുഷൻമാർ ബലമായി ചേർത്ത് പിടിച്ച് ചിത്രങ്ങൾ പകർത്തി. വനിതകളുടെ കൈകൾ ബലം പ്രയോഗിച്ച് തോളിലിടുകയും അനുവാദമില്ലാതെ ഇവരുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ​ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

ഹേറ്റ് ഡിറ്റക്ടർ എന്ന എക്സ് പേജിലൂടെയാണ് വനിതാ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരായ വിനോദ സഞ്ചാരികളാണ് വിദേശ വനിതകളോട് മോശമായി പെരുമാറിയതെന്നാണ് വിവരം. ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇടപെട്ടെന്നും പരിഭ്രാന്തരായ വിദേശ വനിതകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നും ദൃക്സാക്ഷികൾ പറയുന്നു.

 

അടുത്തിടെ, ​ഗോവയിലെത്തിയ ഒരു കുടുംബത്തിന് നേരെ ബൗൺസർമാരുടെ ഭാ​ഗത്ത് നിന്ന് ദുരനുഭവമുണ്ടായതായുള്ള മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ബൗൺസർമാർ അനുചിതമായി ഇടപെട്ടെന്ന് ആരോപിച്ച് വാരണാസിയിൽ നിന്നുള്ള ഒരു കുടുംബമാണ് രം​ഗത്തെത്തിയത്. ഈ സംഭവത്തെത്തുടർന്ന്, സംസ്ഥാന ടൂറിസം വകുപ്പ് കർശനമായ മുന്നറിയിപ്പ് നൽകുകയും വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബൗൺസർമാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിപ്പെടുത്തലോ മോശം പെരുമാറ്റമോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.

സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് പൊലീസിനോട് രാത്രിയും പകലും പട്രോളിംഗ് ശക്തമാക്കാനും പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം തുടരാനും നിർദ്ദേശിച്ചതായി ടൂറിസം ഡയറക്ടർ കേദാർ നായിക് അറിയിച്ചു. ​വിദേശ വനിതകൾക്ക് നേരെയുണ്ടായ അതിക്രമത്തെ കേദാർ നായിക് അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അസ്വീകാര്യവും ഗോവയുടെ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും കേദാർ നായിക് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്