ലഖ്നൗ ലുലുമാളിൽ ജോലി ചെയ്യുന്നവർ 80 ശതമാനം ന്യൂനപക്ഷ വിഭാ​ഗങ്ങളോ?; സത്യം വെളിപ്പെടുത്തി ​മാനേജ്മെന്റ്

Published : Jul 20, 2022, 10:19 AM ISTUpdated : Jul 20, 2022, 10:21 AM IST
ലഖ്നൗ ലുലുമാളിൽ ജോലി ചെയ്യുന്നവർ 80 ശതമാനം ന്യൂനപക്ഷ വിഭാ​ഗങ്ങളോ?; സത്യം വെളിപ്പെടുത്തി ​മാനേജ്മെന്റ്

Synopsis

ആളുകളെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർഭാ​ഗ്യകരമാണെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ പറഞ്ഞു.

ലഖ്നൗ: ലഖ്നൗവിൽ ജൂലൈ 10ന് തുറന്ന ലുലുമാളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനം ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണെന്ന് പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലാണ് പ്രചാരണം ശക്തമാകുന്നത്. ലുലുമാളിനെ നമസ്കാര വിവാദത്തിന് പിന്നാലെയാണ് ഇത്തരമൊരാപണം വരുന്നത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി മാൾ മാനേജ്മെന്റ് രം​ഗത്തെത്തി. ലുലുമാളിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനം പേർ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവരല്ലെന്നും ജാതിയും മതവും അടിസ്ഥാനമാക്കിയല്ല, കഴിവിന്റെ മാനദണ്ഡത്തിലാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതെന്നും മാനേജ്മെന്റ് വിശദീകരിച്ചു.

തൊഴിലാളികളിൽ 80% ഹിന്ദുക്കളും ബാക്കിയുള്ളവർ മറ്റ് മതക്കാരുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ആളുകളെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ലെന്നും ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർഭാ​ഗ്യകരമാണെന്നും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ പറഞ്ഞു. പരിസരത്ത് മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നമസ്കാര വിവാദത്തിൽ അറസ്റ്റിലായവരിൽ അമുസ്ലീങ്ങളുമുണ്ടെന്നും പ്രചരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്ന് വ്യക്തമാക്കി യുപി പൊലീസും രം​ഗത്തെത്തി. 

'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്

ജൂലൈ 10നാണ് മാൾ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. തൊട്ടുപിന്നാലെ വിവാദവും ഉടലെടുത്തു. മാളിനുള്ളിൽ ഒരു സംഘം നമസ്കരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമുണ്ടായത്. വിവിധ ഹിന്ദുത്വ സംഘടനകൾ നമസ്കാരത്തിനെതിരെ രം​ഗത്തെത്തി. തുടർന്ന് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. 

വിവാദങ്ങൾക്കി‌ടയിലും മാളിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ, ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ്, വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ലുലു മാൾ. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു.  ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

യുപിയില്‍ വന്‍ ഹിറ്റായി ലുലു മാള്‍; ഒരാഴ്ചയ്ക്കുള്ളിൽ എത്തിയത് ലക്ഷക്കണക്കിന് ജനങ്ങള്‍, വമ്പന്‍ കുതിപ്പ് 

മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച  ലഖ്‌നൗ നിവാസികൾക്ക് ലുലു മാള്‍ അധികൃതര്‍ നന്ദി അറിയിച്ചു. ലുലു മാൾ  നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു.  തിരക്ക് കാരണം  മിക്കവർക്കും മാളിൽ പ്രവേശിക്കാനാകാതെ തിരിച്ചു പോകേണ്ടതായും വന്നു.  ദൂരപ്രദേശങ്ങളായ  കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ് രാജ്,  വാരണാസി,  ഡൽ ഹി എന്നിവിടങ്ങളിൽ  നിന്നും ആളുകൾ മാളിലെത്തിയതായി  ലുലു മാൾ ജനറൽ മാനേജർ സമീർ വർമ്മ  പറഞ്ഞു

ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ  22 ലക്ഷം  ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ  ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്‌ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.

ലുലു മാൾ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്: കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് 

കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു.  ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും  ലഖ്‌നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി