Asianet News MalayalamAsianet News Malayalam

'പണം സാരി വാങ്ങാൻ കൊണ്ടുവന്നത്'; ബംഗാളില്‍ അരക്കോടി രൂപയുമായി പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍

പണം കൊണ്ടുവന്നത് ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാൻ എന്നാണ് എംഎൽഎമാരുടെ വിശദീകരണം. കൊൽക്കത്തയിലെ മൊത്തവിൽപ്പന മാർക്കറ്റിൽ നിന്നും സാരി വാങ്ങാനാണ്  പണവുമായി വന്നത് എന്നും അവര്‍ പറഞ്ഞു. 

jharkhand mlas reaction about money seized from them
Author
West Bengal, First Published Jul 31, 2022, 12:06 PM IST

മുംബൈ: പിടിച്ചെടുത്ത പണം സാരി വാങ്ങാൻ കൊണ്ടുവന്നത് എന്ന് ബംഗാളില്‍ പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍. പണം കൊണ്ടുവന്നത് ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാൻ എന്നാണ് എംഎൽഎമാരുടെ വിശദീകരണം. 

കൊൽക്കത്തയിലെ മൊത്തവിൽപ്പന മാർക്കറ്റിൽ നിന്നും സാരി വാങ്ങാനാണ്  പണവുമായി വന്നത് എന്നും അവര്‍ പറഞ്ഞു. 3 പേരും പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. ഇവരില്‍ നിന്ന് പിടികൂടിയത് അര കോടി രൂപയുടെ നോട്ട് കെട്ടുകളാണ്. 

ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്‌രിയിൽ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയിൽ നിന്നുള്ള നമൻ ബിക്സൽ എന്നീ  കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. ദേശീയ പാത 16-ൽ പഞ്ച്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. "ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ വാഹനം തടഞ്ഞു. വാഹനത്തിൽ  ഝാർഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎൽഎമാരുണ്ടായിരുന്നു. വാഹനത്തിൽ കെട്ടുകണക്കിന് പണമുണ്ടായിരുന്നു. എംഎല്‍എമാരെ ചോദ്യം ചെയ്തുവരുന്നു" ഹൗറ സൂപ്രണ്ട് ഓഫ് പോലീസ് സ്വാതി ഭംഗലിയ പറഞ്ഞു. ഡ്രൈവറും മൂന്ന് എംഎൽഎമാരും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

Read Also: ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം;മോദി

ഹൗറയിൽ മൂന്ന് കോണ്‍ഗ്രസ് എം‌എൽ‌എമാർ പണക്കെട്ടുകളുമായി പിടിയിലായതിന് പിന്നാലെ ഝാർഖണ്ഡില്‍ ബി.ജെ.പി 'ഓപ്പറേഷന്‍ താമര' നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഝാർഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഝാർഖണ്ഡില്‍ ബി.ജെ.പി നടത്താനുദ്ദേശിച്ച ‘ഓപ്പറേഷൻ ലോട്ടസാണ്’ ഹൗറയിലെ സംഭവത്തിലൂടെ വെളിവാകുന്നത്. മഹാരാഷ്ട്രയിൽ ഇഡിയെ ഉപയോഗിച്ച് അവര്‍ ചെയ്തത് ഝാർഖണ്ഡില്‍ ചെയ്യാനാണ് അവര്‍ പദ്ധതിയിടുന്നത് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.  

എന്നാല്‍, അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് ഝാർഖണ്ഡില്‍ കോൺഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാജേഷ് താക്കൂർ പ്രതികരിച്ചത്. പിടിക്കപ്പെട്ട എംഎൽഎമാർ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ആയ പിടിഐ റിപ്പോർട്ട് ചെയ്തു. പാർട്ടി ഹൈക്കമാൻഡിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകുമെന്നും ആരെയും രക്ഷിക്കാന്‍ ശ്രമം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗള്‍ഫിലെ ജോലിയുടെ പേരില്‍ കൊടും ചതി; ലഹരിമരുന്നുമായി യുവാവ് ഖത്തറില്‍ കുടുങ്ങി, അമ്മയുടെ പരാതിയില്‍ അറസ്റ്റ്


 

Follow Us:
Download App:
  • android
  • ios