'അമ്മ' കരയുകയാണ് എന്ന് മോദി, 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കൈയിൽ; ബംഗാളിൽ മമതക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Published : Apr 26, 2026, 05:47 PM IST
pm modi

Synopsis

പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷാ പരാജയത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. തൃണമൂൽ ഭരണത്തിൽ 'മാ മാതി മാനുഷ്' മുദ്രാവാക്യം വഞ്ചിക്കപ്പെട്ടുവെന്നും അമ്മമാർ കരയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ ആക്രമണം. തൃണമൂൽ കോൺഗ്രസിന്‍റെ വിഖ്യാതമായ 'മാ മാതി മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തെ പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു. "ഇന്ന് ബംഗാളിൽ 'അമ്മ' കരയുകയാണ്, ഇവിടുത്തെ 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കയ്യിലാണ്, 'മനുഷ്യൻ' ഭയത്തിന്‍റെ നിഴലിലുമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മോദി കുറ്റപ്പെടുത്തി. ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പീഡന മരണവും കാംദുനിയിലെ ക്രൂരമായ കൂട്ടബലാത്സംഗവും ഉൾപ്പെടെയുള്ള സംഭവങ്ങൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. പാർക്ക് സ്ട്രീറ്റ് ഗ്യാങ് റേപ്പ്, ഹൻസ്ഖാലി, ദുർഗാപൂർ മെഡിക്കൽ കോളേജ് കേസുകൾ തുടങ്ങി സംസ്ഥാനത്തെ നടുക്കിയ നിരവധി അതിക്രമങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തി. ഭൂരിഭാഗം കേസുകളിലും തൃണമൂൽ നേതാക്കൾക്കാണ് പങ്കെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ ഇരകളെ കുറ്റപ്പെടുത്തുകയാണെന്നും മോദി ആരോപിച്ചു.

മമത ബാനർജിയുടെ പ്രധാന വോട്ട് ബാങ്കായ സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ നീക്കങ്ങൾ. ലക്ഷ്മിർ ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ മമത നേടിയെടുത്ത സ്വാധീനത്തെ തകർക്കാൻ സന്ദേശ്ഖാലിയിലെ സ്ത്രീ പീഡന വിവാദങ്ങൾ മുതൽ ബിജെപി ശ്രമിച്ചുവരികയാണ്. തൃണമൂലിന്‍റെ ഭരണത്തിന് കീഴിൽ സ്ത്രീ ശാക്തീകരണത്തിൽ മുന്നിലായിരുന്ന ബംഗാൾ അധഃപതിച്ചുവെന്നും ഇതിനെതിരെ ബംഗാളിലെ സഹോദരിമാർ ഒന്നടങ്കം ഉണർന്നു കഴിഞ്ഞുവെന്നും ആദ്യഘട്ട വോട്ടിംഗിൽ ഇതിന്റെ പ്രതിഫലനം കണ്ടുവെന്നും മോദി അവകാശപ്പെട്ടു.

ജൂൺ നാലിന് ഫലം പുറത്തുവരുന്നതോടെ ബംഗാളിലെ ഓരോ അക്രമിയും അഴിമതിക്കാരനും കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 91 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ഒന്നാം ഘട്ടത്തിന് പിന്നാലെ ഇരുപാർട്ടികളും ആത്മവിശ്വാസത്തിലാണ്. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ ബംഗാളിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ ഉച്ചസ്ഥായിയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളി വിദ്യാർത്ഥികളെ മർദിച്ച ശേഷം കവർച്ച; സംഘത്തിലെ ആറ് പേർ പിടിയിൽ, സംഭവം ബെം​ഗളൂരുവിൽ
കപിൽ സിബലുമായി ചർച്ച, പിന്നാലെ നിർണായക നീക്കങ്ങളുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി